തീരദേശ സംരക്ഷണത്തിന് കോസ്റ്റല്‍ എഞ്ചിനീയറിങ് വിങ് ആരംഭിക്കണമെന്ന് കെയര്‍ ചെല്ലാനം

18 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള പ്രദേശത്തെ ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.പ്രകൃതി ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെടുകയും താമസയോഗ്യമല്ലാതാകുകയും ചെയ്ത കുടുംബങ്ങള്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തണം

Update: 2021-05-28 08:42 GMT

കൊച്ചി: കേരളത്തിലെ 590 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരദേശം സംരക്ഷിക്കുന്നതിന് സംസ്ഥാനത്ത് കോസ്റ്റല്‍ എഞ്ചിനീയറിങ് വിങ് ആരംഭിക്കണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള കെയര്‍ ചെല്ലാനം മന്ത്രിമാരോട് ആവശ്യപ്പെട്ടു.മന്ത്രിമാരായ പി രാജീവ്,സജി ചെറിയാന്‍ എന്നിവര്‍ കെയര്‍ ചെല്ലാനം ഓഫിസ് സന്ദര്‍ശിക്കവെയാണ് ഭാരവാഹികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.ചെല്ലാനത്തെ മല്‍സ്യഗ്രാമമായി പ്രഖ്യാപിക്കുമെന്ന നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നതായും കെയര്‍ ചെല്ലാനം ഭാരവാഹികള്‍ പറഞ്ഞു.18 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള പ്രദേശത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെടുകയും താമസയോഗ്യമല്ലാതാകുകയും ചെയ്ത കുടുംബങ്ങള്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തണം.ഇങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷിത താമസ സൗകര്യം ഉറപ്പുവരുത്തുന്നതുവരെ ക്യാംപുകളില്‍ നിന്ന് തിരികെ പോകുന്നതിന് താല്‍ക്കാലിക താമസ സൗകര്യങ്ങളോ വീടു വാടകയോ ഉറപ്പു നല്‍കണം.വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടവര്‍ക്ക് കൃത്യമായ കണക്കെടുപ്പുകള്‍ നടത്തി ന്യായമായ നഷ്ടപരിഹാരം അനുവദിക്കണം.


മണ്ണും ചെളിയും അടിഞ്ഞ് ഉപയോഗശൂന്യമായ ശുചിമുറികള്‍ തടസങ്ങള്‍ നീക്കി ഉപയോഗപ്രദമാക്കുന്നതിനും ശുചിമുറി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും സര്‍ക്കാര്‍ സംവിധാനം ഒരുക്കണം.ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനാല്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രിയാത്മകമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ പ്രതിനിധികള്‍,ജനപ്രതിനിധികള്‍,രാഷ്ട്രീയ,സാമൂഹിക സംഘടനാപ്രതിനിധികള്‍,പ്രദേശവാസികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കര്‍മ്മ സമിതിക്കു രൂപം നല്‍കണമെന്നും മന്ത്രിമാരോട് ചെല്ലാനം കെയര്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍,കടല്‍ ഡയറക്ടര്‍ ഫാ.അന്റോണിറ്റോ പോള്‍,ഫാ.നെല്‍സണ്‍ തൈപറമ്പില്‍,ഫാ.ജോണ്‍ കളത്തില്‍,ഫാ.സെബാസ്റ്റ്യന്‍ കരുമാഞ്ചേരി,പി ആര്‍ കുഞ്ഞച്ചന്‍,ജിന്‍സന്‍ വെളുത്ത മണ്ണുങ്കല്‍ പങ്കെടുത്തു.ഹൈബി ഈഡന്‍ എംപി,കെ ജെ മാക്‌സി എംഎല്‍എ, എറണാകുളം കലക്ടര്‍ എസ് സുഹാസ്,കുഫോസ് വൈസ് ചാന്‍സലര്‍ കെ റിജി ജോണ്‍,പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ്,ഷാജി ജോര്‍ജ്ജ് എന്നിവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Tags:    

Similar News