ചെല്ലാനത്ത് 322 ലക്ഷം രൂപയുടെയും വൈപ്പിനില്‍ 612 ലക്ഷം രൂപയുടെയും തീരസംരക്ഷണ ജോലികള്‍ പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം

ചെല്ലാനത്ത് 3214.30 ലക്ഷം രൂപയുടെയും വൈപ്പിന്‍ ദ്വീപില്‍ 733.00ലക്ഷം രൂപയുടെയും പ്രവര്‍ത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്

Update: 2021-07-27 06:07 GMT

കൊച്ചി: ചെല്ലാനം പഞ്ചായത്തില്‍ 322.90 ലക്ഷം രൂപയുടെയും വൈപ്പിനില്‍ 612.10 ലക്ഷം രൂപയുടെയും തീരസംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ചെല്ലാനത്ത് 3214.30 ലക്ഷം രൂപയുടെയും വൈപ്പിന്‍ ദ്വീപില്‍ 733.00ലക്ഷം രൂപയുടെയും പ്രവര്‍ത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. കണ്ണമാലിയിലും ചാളക്കടവിലും 100 മീറ്റര്‍ വീതവും 70 മീറ്റര്‍ മാലാഖപടിയിലും ജിയോബാഗ് ഉപയോഗിച്ച് തീരസംരക്ഷണം നടത്തി. ബസാര്‍, കമ്പനിപ്പടി, ചെറിയ കടവ്, വാച്ചാക്കല്‍, കണ്ടക്കടവ്, റീത്താലയം, ദീപ്തി അംഗന്‍വാടി, പുത്തന്‍തോട് പരിസരവും എന്നിവിടങ്ങളില്‍ ജിയോ ബാഗ് ഉപയോഗിച്ച് 175 ലക്ഷം രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

ജിയോ ബാഗില്‍ മണല്‍ നിറയ്ക്കുന്നതിനായി 30 ലക്ഷം രൂപയുടെ ജിയോ ബാഗുകള്‍ പഞ്ചായത്തിനു നല്‍കിയിട്ടുണ്ട്. വൈപ്പിന്‍ ദ്വീപില്‍ എടവനക്കാട്, ഞാറക്കല്‍, നായരമ്പലം എന്നിവിടങ്ങളിലും ജിയോബാഗ് ഉപയോഗിച്ച് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തീരസംരക്ഷണവുമായി ബന്ധപ്പെട്ട് ചെല്ലാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി വിജയം കനാല്‍, ഉപ്പത്തികാട് തോട്എന്നീ കനാലുകളില്‍ അടിഞ്ഞു കൂടിയ മണല്‍ എടുത്തു മാറ്റുന്നതിനും മണല്‍ വാട നിര്‍മാണത്തിനും കടല്‍ഭിത്തിയുടെസ്ഥാനഭ്രംശം വന്ന കല്ലുകള്‍ യഥാസ്ഥാനത്തു ഇടുന്നതിനുമായി 25 ലക്ഷം രൂപയുടെ പ്രവൃത്തി ചെല്ലാനത്തും 35 ലക്ഷം രൂപയുടെ പ്രവൃത്തി വൈപ്പിന്‍ ദ്വീപിലും നടപ്പിലാക്കി.

800 ലക്ഷം രൂപയുടെ ജിയോട്യൂബ് ഉപയോഗിച്ച് വേളാങ്കണ്ണി, ചെറിയകടവ്, വാച്ചക്കല്‍, കമ്പനിപടിയിലും തീരസംരക്ഷണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. വാചാക്കല്‍ ഈ ജോലി ആരംഭിച്ചിട്ടുണ്ട്. വൈപ്പിന്‍ ദ്വീപില്‍ ഇടവനക്കാട് നാല് പുലിമുട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. രക്‌തേശ്വരിബീച്ച്, വെളിയത്തന്‍പറമ്പ് എന്നിവിടങ്ങളിലും സംരക്ഷണം നടത്തിയിട്ടുണ്ട്. ചെല്ലാനത്ത് പ്രത്യേകം പരിഗണന നല്‍കി 343 കോടിയുടെ കിഫ്ബിഫണ്ട് ഉപയോഗിച്ച് കടല്‍ഭിത്തിയും പുലിമുട്ട് നിര്‍മ്മാണത്തിനുമായി എസ്റ്റിമേറ്റും സമര്‍പ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Tags: