ചെല്ലാനത്തെ കടലാക്രമണം: ശാശ്വത പരിഹാരത്തിന് മന്ത്രിതല തീരുമാനം; 2 കോടി അടിയന്തിര ധനസഹായം

വ്യവസായ, ഫിഷറീസ്, ഇറിഗേഷന്‍, ട്രാന്‍സ്‌പോര്‍ട് മന്ത്രിമാര്‍ വിളിച്ച യോഗത്തിലാണ് തീരുമാനം.ഇപ്പോള്‍ കടല്‍ തീരത്തു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ നിശ്ചയിച്ചു. വിജയന്‍ കനാലിലും ഉപ്പ് തോടിലും അടിഞ്ഞുകൂടിയ മണലും മറ്റും ഒരാഴ്ചക്കുള്ളില്‍ നീക്കി നീരൊഴുക്ക് ഉറപ്പു വരുത്തുന്നതിന് നിശ്ചയിച്ചു. ജിയോ ബാഗുകള്‍ക്ക് വന്ന കേടുപാടുകള്‍ തീര്‍ക്കുന്നതിനും കടല്‍ഭിത്തിയിലുണ്ടായ വിള്ളലുകള്‍ പരിഹരിക്കുന്നതിനുമുള്ള പ്രവര്‍ത്തി ജൂണ്‍ ആദ്യ ആഴ്ച പൂര്‍ത്തികരിക്കും

Update: 2021-05-24 16:22 GMT

കൊച്ചി: ചെല്ലാനത്തെ കടലാക്രമണ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുന്ന നടപടികള്‍ക്കും ശാശ്വതമായ പരിഹാരം രൂപപ്പെടുത്തുന്നതിനും വ്യവസായ, ഫിഷറീസ്, ഇറിഗേഷന്‍, ട്രാന്‍സ്‌പോര്‍ട് മന്ത്രിമാര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. കാലവര്‍ഷം കൂടി കണക്കിലെടുത്ത് അടിയന്തരമായി കാര്യങ്ങള്‍ ചെയ്യുന്നതിനായി 2 കോടി രൂപ അനുവദിച്ചു. ഇപ്പോള്‍ കടല്‍ തീരത്തു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ നിശ്ചയിച്ചു. വിജയന്‍ കനാലിലും ഉപ്പ് തോടിലും അടിഞ്ഞുകൂടിയ മണലും മറ്റും ഒരാഴ്ചക്കുള്ളില്‍ നീക്കി നീരൊഴുക്ക് ഉറപ്പു വരുത്തുന്നതിന് നിശ്ചയിച്ചു. ജിയോ ബാഗുകള്‍ക്ക് വന്ന കേടുപാടുകള്‍ തീര്‍ക്കുന്നതിനും കടല്‍ഭിത്തിയിലുണ്ടായ വിള്ളലുകള്‍ പരിഹരിക്കുന്നതിനും 45 ലക്ഷം രൂപയുടെ പ്രവര്‍ത്തി ജൂണ്‍ ആദ്യ ആഴ്ച പൂര്‍ത്തികരിക്കും.

നൂറു ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 16 കോടി രൂപയുടെ തീര സംരക്ഷണം ടെട്രാപോഡ് ഉപയോഗപ്പെടുത്തുന്ന രീതി സ്വീകരിക്കാനും ഒരു മാസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും ഐഡി ആര്‍ബി ഡയറക്ടര്‍ പ്രിയേഷിന് പ്രത്യേക ചുമതല നല്‍കി.

ചെല്ലാനത്തെ കടലാക്രമണ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സമഗ്രമായ പദ്ധതി നടപ്പിലാക്കണമെന്ന് യോഗം നിശ്ചയിച്ചു. മാതൃകാ ഗ്രാമ പദ്ധതി സംബന്ധിച്ച് വിശദമായ പദ്ധതി ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുന്നതിന് തീരദേശ വികസന അതോററ്റി എംഡി ഷേക് പരിതിനെ ചുമതലപ്പെടുത്തി. മേയ് 27 ന് 3 മണിക്ക് എറണാകുളത്ത് മന്ത്രിമാര്‍ പങ്കെടുത്ത് ജനപ്രതിനിധികളുടെ യോഗം ചേരും.യോഗത്തില്‍ വ്യവസായ മന്ത്രി പി രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, ഇറിഗേഷന്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ട്രാന്‍സ്‌പോര്‍ട് മന്ത്രി ആന്റണി രാജു, എം എല്‍ എ മാരായ കെ ജെ മാക്‌സി, പി പി ചിത്തരഞ്ജന്‍ . അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, തീരദേശ അതോററ്റി എംഡി ഷേക് പരീത് ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags: