പന്തളം രാജകുടുംബാഗമാണെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം പോലിസ് പിടിയില്‍

പത്തനംതിട്ട സ്വദേശി സന്തോഷ് കരുണാകരന്‍(43),എറണാകുളം,എരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെയാണ് കടവന്ത്രപോലിസ് അറസ്റ്റു ചെയ്തത്.പന്തളം രാജകുടുംബാംഗമാണെന്നും കുവൈറ്റില്‍ യുഎസ് ആര്‍മിക്ക് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്ന ആളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍ നടത്തിയതെന്ന് പോലിസ് പറഞ്ഞു

Update: 2021-04-17 12:03 GMT

കൊച്ചി: 26 കോടി രൂപ വിലയുള്ള സോഫ്റ്റ് വെയര്‍ കോഡ് 15,000 രൂപ അഡ്വാന്‍സ് മാത്രം നല്‍കി ഓയെസ് ബിസിനസ് സ്ഥാപന ഉടമയെ കബളിപ്പിച്ച് തട്ടിയെടുക്കുകയും ജീവനക്കാരെ മാസങ്ങളോളം ശമ്പളം നല്‍കാതെ ജോലി ചെയ്യിപ്പിച്ച് വഞ്ചിക്കുകയും ചെയ്ത സംവത്തിലെ പ്രതിയും കൂട്ടാളിയും പോലിസ് പിടിയില്‍.പത്തനംതിട്ട സ്വദേശി സന്തോഷ് കരുണാകരന്‍(43),എറണാകുളം,എരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെയാണ് കടവന്ത്രപോലിസ് അറസ്റ്റു ചെയ്തത്.പന്തളം രാജകുടുംബാംഗമാണെന്നും കുവൈറ്റില്‍ യുഎസ് ആര്‍മിക്ക് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്ന ആളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍ നടത്തിയതെന്ന് പോലിസ് പറഞ്ഞു.

കോയമ്പത്തൂര്‍,കന്യാകുമാരി എന്നിവടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഉടമയാണെന്നും നീലഗിരിയില്‍ 2,500 ഏക്കറില്‍ ഡിജിറ്റല്‍ രീതിയില്‍ കൃഷി നടത്തുന്നയാളാണെന്നും പ്രതി ഓയെസ് സ്ഥാപന ഉടമയെ പറഞ്ഞു വിശ്വസിപ്പിച്ചുവെന്നും പോലിസ് പറഞ്ഞു. 26 കോടി രൂപ വരുന്ന സോഫ്റ്റ് വെയര്‍ സോഴ്‌സ് കോഡ് 15,000 രൂപ മാത്രം അഡ്വന്‍സ് നല്‍കി ഇയാള്‍ കൈക്കലാക്കി.ഈ സ്ഥാപനത്തിലെ 20 ഓളം ജീവനക്കാരെ പ്രതി അയാളുടെ കോയമ്പത്തൂരിലെ വെസ്റ്റ് ലൈന്‍ ഹൈടെക് ഇന്ത്യ എന്ന സ്ഥാപനത്തില്‍ അപ്പോയിന്റ് ചെയ്ത ശേഷം മാസങ്ങളോളം ജോലി ചെയ്യിപ്പിച്ചുവെങ്കിലും ശമ്പളം നല്‍കാതെ കബളിപ്പിച്ചുവെന്നും പോലിസ് പറഞ്ഞു.

നീലഗിരിയില്‍ 2,500 ഏക്കര്‍ പന്തളം രാജകുടുംബാംഗത്തിന് അവകാശപ്പെട്ട സ്ഥലം വാങ്ങി കൃഷി ചെയ്യാമെന്ന് വിശ്വസിപ്പിച്ച് കുവൈറ്റില്‍ വ്യവസായിയായ ഒറീസ ഭുവനേശ്വര്‍ സ്വദേശി അജിത് മഹാപത്രയെന്ന വ്യക്തിയെ കബളിപ്പിച്ച് ആറു കോടി രൂപ തട്ടിയെടുത്തതിന്റെ പേരില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്‍ഫോപാര്‍ക്ക് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തവെയാണ് കടവന്ത്ര പോലിസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

പ്രതികള്‍ സമാനമായ കുറ്റകൃത്യങ്ങള്‍ കുവൈറ്റ്,കേരളം,തമിഴ്‌നാട് എന്നിവടങ്ങളില്‍ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു. ആലപ്പുഴ സി ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് ഐഒപി ക്ലീറ്റസ്,കടവന്ത്ര ഐഒപി പ്രജീഷ്,സി ബ്രാഞ്ച് എസ് ഐ സത്യജിത്ത്,എസ് ഐ അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags: