ആലുവയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗി ചികില്‍സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് മരിച്ച സംഭവം;ജില്ലാ കലക്ടര്‍ ഡിഎംഒയോട് റിപോര്‍ട് ആവശ്യപ്പെട്ടു

ആലുവ പുളിഞ്ചോടിലെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന വിജയനെ പനിയും ശ്വാസതടസവും മൂര്‍ച്ഛിച്ചത് മൂലം ഫ്‌ളാറ്റിലുള്ളവര്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഒമ്പതേകാലോടെയാണ് ആംബൂലന്‍സില്‍ ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയനോട് എന്താണ് രോഗമെന്ന് തിരക്കാനോ ആംബുലന്‍സില്‍ നിന്നും ഇറക്കാനോ ആശുപത്രി അധികൃതര്‍ യഥാസമയം തയാറായില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞത്

Update: 2020-07-27 07:45 GMT

കൊച്ചി:ആലുവയില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പറവൂര്‍ സ്വദേശി വിജയന്‍ ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും യഥാ സമയം ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് റിപോര്‍ട് തേടി. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസറോടാണ് ഇതു സംബന്ധിച്ച് റിപോര്‍ട്ട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്. ആലുവ പുളിഞ്ചോടിലെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന വിജയനെ പനിയും ശ്വാസതടസവും മൂര്‍ച്ഛിച്ചത് മൂലം ഫ്‌ളാറ്റിലുള്ളവര്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഒമ്പതേകാലോടെയാണ് ആംബൂലന്‍സില്‍ ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയനോട് എന്താണ് രോഗമെന്ന് തിരക്കാനോ ആംബുലന്‍സില്‍ നിന്നും ഇറക്കാനോ ആശുപത്രി അധികൃതര്‍ യഥാസമയം തയാറായില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞത്.അരമണിക്കൂറിലധികം രോഗിയായ വിജയന്‍ ആംബുലന്‍സില്‍ കിടന്നു. പിന്നീട് ആശുപത്രി അധികൃതര്‍ എത്തിയപ്പോഴേക്കും വിജയന്‍ മരിച്ചുവെന്നുമാണ് ഡ്രൈവര്‍ പറഞ്ഞത്.ആംബുലന്‍സിലേക്ക് നടന്നു കയറിയ വ്യക്തിയാണ് ചികില്‍സ കിട്ടാതെ മരിക്കേണ്ടി വന്നതെന്നും ഡ്രൈവര്‍ പറയുന്നു.സംഭവം മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായതോടെയാണ് കലക്ടര്‍ ഇടപെട്ടിരിക്കുന്നത്. 

Tags: