പി വി എസ് ആശുപത്രി സമരം: ജീവനക്കാര്‍ക്ക് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ധാരണ

തൊഴിലാളികളുടെ ആനുകൂല്യങ്ങളും ആശുപത്രിയുടെ ഭാവിയേയും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് മാനേജ്‌മെന്റ് ചര്‍ച്ചയില്‍ അറിയിച്ചു. 20 ന് രാവിലെ 10.30 ന് നടക്കുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് കൃത്യത വരുത്തി അറിയിക്കാമെന്നും അവര്‍ ഉറപ്പു നല്‍കി. 20 ന് നടക്കുന്ന ചര്‍ച്ചയില്‍ നിലപാട് തൃപ്തികരമല്ലെങ്കില്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് ലേബര്‍ കമ്മീഷണര്‍

Update: 2019-05-13 14:54 GMT

കൊച്ചി: എറണാകുളം പി വി എസ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ധാരണ. മേഖലാ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാലിന്റെ നേതൃത്വത്തില്‍ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. തൊഴിലാളികളുടെ ആനുകൂല്യങ്ങളും ആശുപത്രിയുടെ ഭാവിയേയും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് മാനേജ്‌മെന്റ് ചര്‍ച്ചയില്‍ അറിയിച്ചു. 20 ന് രാവിലെ 10.30 ന് നടക്കുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് കൃത്യത വരുത്തി അറിയിക്കാമെന്നും അവര്‍ ഉറപ്പു നല്‍കി. 20 ന് നടക്കുന്ന ചര്‍ച്ചയില്‍ നിലപാട് തൃപ്തികരമല്ലെങ്കില്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ചര്‍ച്ചയില്‍ അറിയിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ വി ബി ബിജു, ആശുപത്രി എം ഡി പി വി മിനി, ഡയറക്ടര്‍ ബോര്‍ഡംഗം പി വി അഭിലാഷ്, മാര്‍ക്കറ്റിംഗ് മാനേജര്‍ സനല്‍കുമാര്‍, എം എം ഹാരിസ് ( യുഎന്‍എ), ഡോ: ജുനൈദ് റഹ്മാന്‍ (ഐഎംഎ), രാജന്‍, ടി വി ലീന, നിഥിന്‍ പീറ്റര്‍ ( തൊഴിലാളി പ്രതിനിധികള്‍) എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഒരുവര്‍ഷത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ശമ്പളവും, ജോലിസ്ഥിരതയും ആവശ്യപ്പെട്ട് വപിവിഎസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 500-ല്‍ പരം ജീവനക്കാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമരത്തിലാണ്.ഐ എം എ കൊച്ചി ശാഖ സെക്രട്ടറി ഡോ. ഹനീഷ് മീരാസയുടെയും, യുഎന്‍എ സെക്രട്ടറി ഹാരിസ് മണലംപാറയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസംഉപവാസ സമരം നടന്നിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയതിനെ തുടര്‍ന്ന് 2019 ജനുവരിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാകലക്ടര്‍ക്ക് നല്‍കിയ പാതിയെ തുടര്‍ന്ന് ഫെബ്രുവരി 28-ന് മുമ്പായി മുഴുവന്‍ ജീവനക്കാരുടെയും ശമ്പള കുടിശികയുടെ പകുതിയും, ബാക്കി മാര്‍ച്ച് 31-ന് അകവും നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പി വി മിനി രേഖാമൂലം കലക്ടര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും ഉറപ്പ്പാലിക്കപ്പെട്ടില്ലെന്നും പൊടുന്നനെ ആശുപത്രി പൂട്ടുന്നതിനുള്ള നടപടിയാണ് അവര്‍ സ്വീകരിച്ചതെന്ന് നാഷണല്‍ നഴ്സിംഗ് ആന്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂനിയന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് കെ എസ് ഡൊമിനിക്ക് പറഞ്ഞു.  

Tags:    

Similar News