മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നടത്തുന്ന അക്രമസംഭവങ്ങള്‍ക്കെതിരെ സാമൂഹിക ജാഗ്രത വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ അഖില്‍ എന്ന വിദ്യാര്‍ഥിയെ വധിക്കാന്‍ എസ് എഫ് ഐ യൂനിറ്റ് നേതാക്കള്‍ നടത്തിയ ശ്രമം എസ് എഫ് ഐ കേരളത്തിലെ കാംപസുകളില്‍ നടത്തുന്ന ഭീകര രാഷ്ട്രീയത്തിന്റെ നേര്‍സാക്ഷ്യമാണ്.യൂനിവേഴ്‌സിറ്റി കോളജിലെ സംഭവം ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ അക്രമങ്ങള്‍ക്ക് കുടപിടിക്കുകയാണ്.കാലങ്ങളായി എസ് എഫ് ഐ നടത്തിപ്പോരുന്ന സമഗ്രാധിപത്യ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും ഫ്രറ്റേണിറ്റി നേതാക്കള്‍ പറഞ്ഞു

Update: 2019-07-26 14:49 GMT

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നടത്തുന്ന അക്രമസംഭവങ്ങള്‍ക്കെതിരെ സാമൂഹിക ജാഗ്രത വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ അഖില്‍ എന്ന വിദ്യാര്‍ഥിയെ വധിക്കാന്‍ എസ് എഫ് ഐ യൂനിറ്റ് നേതാക്കള്‍ നടത്തിയ ശ്രമം എസ് എഫ് ഐ കേരളത്തിലെ കാംപസുകളില്‍ നടത്തുന്ന ഭീകര രാഷ്ട്രീയത്തിന്റെ നേര്‍സാക്ഷ്യമാണ്.യൂനിവേഴ്‌സിറ്റി കോളജിലെ സംഭവം ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ അക്രമങ്ങള്‍ക്ക് കുടപിടിക്കുകയാണ്.കാലങ്ങളായി എസ് എഫ് ഐ നടത്തിപ്പോരുന്ന സമഗ്രാധിപത്യ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും ഫ്രറ്റേണിറ്റി നേതാക്കള്‍ പറഞ്ഞു.എറണാകുളം മഹാരാജാസ് കോളജില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമസംഭവങ്ങളും കൈയേറ്റങ്ങളും ഇത് തെളിയിക്കുന്നതാണ്.

മെയ് 31 ന് മഹാരാജാസ് കോളജിലെ യൂനിയന്റെ പ്രവര്‍ത്തന കാലാവധി കഴിഞ്ഞതിനാല്‍ യൂനിയന്‍ ഓഫിസ് പ്രിന്‍സിപ്പല്‍ അടച്ചു പൂട്ടിയിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുനിന്നെത്തിയ ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂട്ടുപൊളിച്ച് എസ്എഫ് ഐ പ്രവര്‍ത്തകര്‍ യൂനിയന്‍ ഓഫിസിനുള്ളില്‍ അതിക്രമിച്ചുകയറുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയ മഹാരാജാസ് കോളജിലെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ ഇവര്‍ ആക്രമിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യൂനിറ്റ് പ്രസിഡന്റ്് അര്‍ഹംഷാ അടക്കമുള്ള വിദ്യാര്‍ഥികളെ ക്രൂരമായിട്ടാണ് മര്‍ദിച്ചതെന്നും ഇവര്‍ ആരോപിച്ചു. ഇതിനു ശേഷം ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചുവെന്ന് കാട്ടി ഇവര്‍ കള്ളക്കേസ് കൊടുത്തു. എന്നാല്‍ സംഘര്‍ഷം സംബന്ധിച്ചുള്ള വീഡിയോ കണ്ടാല്‍ സത്യം വ്യക്തമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മഹാരാജാസ് കോളജ് കാംപസില്‍ നിന്നും നേരത്തെ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് പണിയായുധങ്ങളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും എസ് എഫ് ഐയുടെ അക്രമരാഷ്ട്രീയത്തെ അന്ന് വെള്ളപൂശാനാണ് ശ്രമിച്ചതെന്നും ഇവര്‍ പറഞ്ഞു.കാംപസുകളില്‍ ഇത്തരം അക്രമ പ്രവണതകളെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും ഇവര്‍ പറഞ്ഞു. മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ കൊടിമരം കാംപസിനകത്ത് സ്ഥാപിക്കാന്‍ ഇവര്‍ അനുവദിക്കുന്നില്ല. റാഗിങ്ങിനെതിരെ പ്രതികരിച്ചവരെയടക്കം മര്‍ദ്ദിക്കുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മൂഫീദ്, മഹാരാജാസ് യൂനിറ്റ് സെക്രട്ടറി നിഹാദ്, വൈസ് പ്രസിഡന്റ് ലിന്‍ത സലീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

Tags:    

Similar News