എറണാകുളം ബ്രോഡ് വേയിലെ തിപിടുത്തം;കോടി കണക്കിനു രൂപയുടെ നഷ്ടം

കെ സി പാപ്പു ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് ആദ്യം തീപിടിച്ചത്. ഇവിടെ നിന്നും വളരെ പെട്ടെന്ന് സമീപത്തെ വസ്ത്രങ്ങളുടെ മൊത്ത വ്യാപാര ശാലയായ ഭദ്ര ടെക്‌സറ്റൈല്‍സ്,സി.കെ ശങ്കുണ്ണി നായര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് ബില്‍ഡിങ് മറ്റീരിയല്‍സ് എന്നിവടങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു

Update: 2019-05-27 14:50 GMT

കൊച്ചി: എറണാകുളം ബ്രോഡ് വെയിലെ ക്ലോത്ത് ബസാറില്‍ രാവിലെയുണ്ടായ വന്‍ തീപിടുത്തത്തില്‍ കോടികണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. തയ്യല്‍ ഉപകരണങ്ങളും മറ്റും വില്‍ക്കുന്ന കെ സി പാപ്പു ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് ആദ്യം തീപിടിച്ചത്. ഇവിടെ നിന്നും വളരെ പെട്ടെന്ന് സമീപത്തെ വസ്ത്രങ്ങളുടെ മൊത്ത വ്യാപാര ശാലയായ ഭദ്ര ടെക്‌സറ്റൈല്‍സ്,സി.കെ ശങ്കുണ്ണി നായര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് ബില്‍ഡിങ് മറ്റീരിയല്‍സ് എന്നിവടങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. രാവിലെ ജീവനക്കാരെത്തി സ്ഥാപനം തുറന്ന ശേഷം 9.50 ഓടെയാണ് തീപിടുത്തമുണ്ടായത്. സമീപത്തെ കടയിലെ ജീവനക്കാരാണ് രണ്ടാം നിലയില്‍ നിന്ന് തീ യര്‍ന്നുപൊങ്ങുന്നത് ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ ബഹളമുണ്ടാക്കി ഉള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും തീയണക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ അഗ്നി ശമന സേനയെ വിവരം അറിയിച്ചു.

അഗ്നി ശമന സേനയുടെ വാഹനങ്ങള്‍ ബ്രോഡ് വേയുടെ ഉള്ളിലെ ചെറിയ വഴികളിലൂടെ കടന്ന് ക്ലോത്ത് ബസാറിലെ റോഡിലെത്താന്‍ സമയമെടുത്തു. വഴിയരികിലെ അനധികൃത പാര്‍ക്കിങുകള്‍ അകത്തേക്കുള്ള അഗ്നി ശമന സേനയുടെ വാഹനങ്ങളുടെ പ്രവേശനം ദുസ്സഹമാക്കി. ഈ നേരം കൊണ്ട് സമീപത്തെ രണ്ട് കടകളായ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകളും ഓടുകളും പൂര്‍ണമായി കത്തിനശിച്ചു. ഇതിനിടെ തീ ഗ്യാസ് സിലിണ്ടറിലേക്ക് പടര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് തടിച്ചുകൂടിയ ആളുകളെ മുഴുവന്‍ പോലിസ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. തീ അടുത്ത കടകളിലേക്ക് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയതെങ്കിലും വിഫലമായി. സി കെ ശങ്കുണ്ണി നായര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് ബില്‍ഡിങ് മറ്റീരിയല്‍സ്, മൂന്നു നിലയുള്ള ഭദ്ര ടെക്‌സ്‌റ്റൈല്‍സ് എന്നിവിടങ്ങളിലേക്ക് തീ വ്യാപിച്ചു. ഭദ്ര ടെക്‌സ്‌റ്റൈല്‍സില്‍ പെരുന്നാള്‍ കച്ചവടം പ്രമാണിച്ച് എത്തിച്ചിരുന്ന വസ്ത്രങ്ങള്‍ വന്‍തോതിലുണ്ടായിരുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അഗ്‌നി ശമന സേനയുടെ പ്രാഥമിക നിഗമനം. മെയിന്‍ സ്വിച്ച് ഓണാക്കിയതിന് ശേഷമാണ് തീപടര്‍ന്ന് പിടിച്ചതെന്ന് അഗ്നിശമന സേനയക്ക് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അഗ്നിശമനയുടെ 25 ഓളം യൂനിറ്റ് കൂടാതെ ഇന്ത്യന്‍ നേവി, കൊച്ചിന്‍ റിഫൈനറി എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യു അധികൃതര്‍ എന്നിവരും രണ്ടര മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമായത്. പ്രദേശത്തെ കയറ്റിറക്ക് തൊഴിലാളികളുള്‍പ്പെടുന്നവരും തീയണക്കാന്‍ കഠിന പരിശ്രമം നടത്തി. ഫ്രാന്‍സീസ്, ജോണി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മേഖലയിലെ 60 വര്‍ഷത്തിലധികം പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണിതെന്നാണ് വിവരം. 

Tags:    

Similar News