എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവില്‍പനയില്‍ അഴിമതിയില്ലെന്ന് ; കര്‍ദിനാളിന് ക്ലീന്‍ ചിറ്റ് നല്‍കി കെസിബിസി

അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ വേണ്ട നടപടികളും സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ചമച്ച വ്യാജരേഖയുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന പോലിസ് അന്വേഷണം യാതൊരു വിധ ബാഹ്യസമ്മര്‍ദ്ദവും ഇടപെടലും കൂടാതെ മുന്നോട്ടു പോകണം.രേഖകളുടെ ഉളളടക്കം സത്യവിരുദ്ധമാണ്.അന്വേഷണത്തിലൂടെ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും കെസിബിസി മ്മേളനം ആവശ്യപ്പെട്ടു

Update: 2019-06-06 07:14 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പന വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കേരള കത്തോലിക്ക മെത്രാന്‍ സമിതി.ഭൂമി വില്‍പനയില്‍ ആരോപിക്കപ്പെടുന്നതുപോലുള്ള അഴിമതികള്‍ ഉണ്ടായിട്ടില്ലെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി) വാര്‍ഷിക സമ്മേളനം വിലയിരുത്തി.സീറോ മലബാര്‍ സഭയുടെ കീഴിലുളള ദേവാലയങ്ങളില്‍ അടുത്ത ഞായറാഴ്ച വായിക്കുന്നതിനായി കെസിബിസി നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ വേണ്ട നടപടികളും സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.ഭൂമിയിടപാടിന്റെ നിജ സ്ഥിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഒറ്റക്കെട്ടായി പ്രശ്‌നങ്ങള്‍ക്ക് ക്രിസ്തീയമായ പരിഹാരമുണ്ടാക്കാനും സഭാംഗങ്ങള്‍ ആത്മാര്‍ഥമായി സഹകരിക്കണമെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച് ബിഷപ് എം സൂസപാക്യം പുറപ്പെടുവിച്ചിരിക്കുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ചമച്ച വ്യാജരേഖയുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന പോലിസ് അന്വേഷണം യാതൊരു വിധ ബാഹ്യസമ്മര്‍ദ്ദവും ഇടപെടലും കൂടാതെ മുന്നോട്ടു പോകണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.രേഖകളുടെ ഉളളടക്കം സത്യവിരുദ്ധമാണ്.അന്വേഷണത്തിലൂടെ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും കെസിബിസി മ്മേളനം ആവശ്യപ്പെട്ടതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ഇത്തരം പ്രവര്‍ത്തികളിലൂടെ സഭയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള തല്‍പര കക്ഷികളുടെ ശ്രമത്തിനെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം.വിഷയത്തില്‍ അനാവശ്യ പത്രപ്രസ്താവനകളോ മറ്റു വിവാദങ്ങളോ ഉണ്ടാക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടു നില്‍ക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ടു വര്‍ഷമായി സഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടര്‍ച്ചകള്‍ വിശ്വാസികളുടെ ഇടയില്‍ ഏറെ സംശയങ്ങള്‍ക്കും സമൂഹത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ഇടയായിട്ടുണ്ട്. വിശ്വാസികള്‍ക്കും പൊതുസമൂഹത്തിലും ഉണ്ടായിട്ടുള്ള വേദനയിലും ഇടര്‍ച്ചയിലും ഖേദിക്കുന്നുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News