ശിവശങ്കറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കുമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്

ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ നിയമപ്രകാരമുള്ള പല നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കാനാവില്ല. ഇതു മറ്റു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനു കാരണമാകുമെന്നും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളണമെന്നും ഇ ഡി ആവശ്യപ്പെട്ടു

Update: 2020-10-21 16:01 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് എന്‍ഫോഴ്സ്മെന്റ്. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ നിയമപ്രകാരമുള്ള പല നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കാനാവില്ലെന്നു ഇ ഡി വ്യക്തമാക്കി. ഇതു മറ്റു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനു കാരണമാകുമെന്നും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളണമെന്നും ഇ ഡി ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

തെളിവുകള്‍ അന്വേഷിച്ചു കണ്ടെത്തുന്നതിനു ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ശിവശങ്കറിനു സ്വപ്നയുമായി വളരെ അടുപ്പമുണ്ടായിരുന്നു. സ്വപ്നയ്ക്കു എല്ലാ ദിവസവും നിരന്തരം വാട്സാപ് വഴി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. സ്വപ്ന വളരെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നുവെന്നും അവര്‍ക്ക് നല്ല ജോലി ലഭിക്കുന്നതിനായി സഹായിച്ചിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. .

സ്വപ്‌ന പണമുണ്ടാക്കിയത് സ്വര്‍ണക്കടത്തിലൂടെയാണ് എന്ന് ശിവശങ്കര്‍ അറിയാതിരിക്കാന്‍ സാധ്യതയില്ലെന്ന് ഇ.ഡി വ്യക്തമാക്കി.സ്വപ്‌നയ്ക്ക് കമ്മിഷന്‍ ലഭിച്ചതും ശിവശങ്കര്‍ അറിയാന്‍ സാധ്യതയുണ്ട്. സ്വപ്‌ന എല്ലാക്കാര്യങ്ങളും ശിവശങ്കറുമായി വാട്സ് ആപ് വഴി ചര്‍ച്ച ചെയ്തിരുന്നു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണം. സ്വപ്‌ന 30 ലക്ഷം രൂപ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് കൈമാറിയത് ശിവശങ്കറിന്റെ സാന്നിധ്യത്തിലാണെന്നും ഇ ഡി സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Tags: