എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിവാദം വീണ്ടും ചൂടുപിടിക്കുന്നു; നഷ്ടം നികത്താന്‍ നടപടിയില്ലെങ്കില്‍ സിനഡ് ഉപരോധിക്കുമെന്ന് അല്‍മായ മുന്നേറ്റം

ഇത് സംബന്ധിച്ച് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ ഇന്ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന എറണാകുളം അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റം കോര്‍ സമിതി തീരുമാനിച്ചു.വത്തിക്കാന്‍ നിയോഗിച്ച ഇഞ്ചിയോടി കമ്മീഷനും ഇന്റര്‍നാഷണല്‍ സ്വതന്ത്ര ഏജന്‍സി കെപിഎംജി യുടെയും അന്വേഷണം അനുസരിച്ച് എറണാകുളം അതിരൂപതക്ക് 41.5 കോടി രൂപ നഷ്ടം ഉണ്ടായിട്ടുള്ളതായി കണ്ടെത്തി എന്ന് അതിരൂപതയുടെ കാനോനിക സമിതികളില്‍ മെത്രാപ്പോലീത്തക്ക് വേണ്ടി ഫിനാന്‍സ് ഓഫിസര്‍ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ വത്തിക്കാന്‍ നിര്‍ദേശം അനുസരിച്ച് നഷ്ടം വരുത്തിയവരില്‍ നിന്നോ സിനഡ് മുഖാന്തിരമോ ലഭ്യമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു

Update: 2020-01-02 14:42 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതിയിലെ ഭുമിവില്‍പന വിഷയത്തിലുണ്ടായ നഷ്ടം നികത്തല്‍ സംബന്ധിച്ച വിഷയം അടുത്തിടെ ചേരാന്‍ പോകുന്ന സിനഡില്‍ പ്രധാന അജണ്ടയായി ഉള്‍പെടുത്തിയില്ലെങ്കില്‍ സിനഡ് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി രംഗത്തു വരുമെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം വ്യക്തമാക്കി.ഇത് സംബന്ധിച്ച് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ ഇന്ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന എറണാകുളം അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റം കോര്‍ സമിതി തീരുമാനിച്ചു.വത്തിക്കാന്‍ നിയോഗിച്ച ഇഞ്ചിയോടി കമ്മീഷനും ഇന്റര്‍നാഷണല്‍ സ്വതന്ത്ര ഏജന്‍സി കെപിഎംജി യുടെയും അന്വേഷണം അനുസരിച്ച് എറണാകുളം അതിരൂപതക്ക് 41.5 കോടി രൂപ നഷ്ടം ഉണ്ടായിട്ടുള്ളതായി കണ്ടെത്തി എന്ന് അതിരൂപതയുടെ കാനോനിക സമിതികളില്‍ മെത്രാപ്പോലീത്തക്ക് വേണ്ടി ഫിനാന്‍സ് ഓഫിസര്‍ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ വത്തിക്കാന്‍ നിര്‍ദേശം അനുസരിച്ച് നഷ്ടം വരുത്തിയവരില്‍ നിന്നോ സിനഡ് മുഖാന്തിരമോ ലഭ്യമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

എറണാകുളം അതിരൂപതക്ക് റെസ്റ്റിട്യൂഷന്‍ നടത്തി കൊടുക്കണം എന്ന് വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും അത് നടപ്പിലാക്കാന്‍ ശ്രമിക്കാതെ സീറോ മലബാര്‍ സഭയില്‍ വീണ്ടും പ്രശ്നം ഉണ്ടാക്കി ശ്രദ്ധ തിരിച്ചു വിടാന്‍ ലിറ്റര്‍ജി പ്രധാന അജണ്ടയായി എടുത്തു സിനഡ് ചര്‍ച്ച വഴി തിരിക്കാനുള്ള ശ്രമം ഒരു കാരണവശാലും അനുവദിക്കില്ല.നിലവിലുള്ള ആരാധന ക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സിനഡ് തീരുമാനിച്ചാല്‍ എറണാകുളം അതിരൂപതയിലെ വിശ്വാസികളും വൈദീകരും ഒരു കാരണവശാലും അംഗീകരിച്ചു നല്‍കില്ല.എറണാകുളം അതിരൂപതക്ക് ഇത്രമാത്രം നഷ്ടം വരുത്തിയവര്‍ എന്ന് കമ്മീഷന്‍ കണ്ടെത്തിയ വ്യക്തികള്‍ ഇതൊക്കെ ചെയ്തിട്ടും അത് തടയാനോ വേണ്ട കാനോനിക ബോഡികളില്‍ അറിയിക്കുകയോ ചെയ്യാതെ ഇത് മൂടി വക്കാന്‍ ഒത്താശ നല്‍കുന്നവര്‍ ഉള്‍പ്പെട്ട അതിരൂപതയുടെ ഭരണസംവിധാനം മുഴുവന്‍ മാറ്റി പുനസ്ഥാപിക്കണമെന്നും അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു.

ഈ മൂന്നു ആവശ്യങ്ങളില്‍ വ്യക്തമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ അല്‍മായ മുന്നേറ്റം സിനഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എറണാകുളം അതിരൂപത ഭരണസംവിധാനം മുഴുവന്‍ മാറ്റിയില്ലെങ്കില്‍ ബിഷപ്പ് ഹൗസ് ഉപരോധം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍, കോര്‍ ടീം അംഗങ്ങളായ ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, ബോബി ജോണ്‍, ജോജോ ഇലഞ്ഞിക്കല്‍, ജോമോന്‍ തോട്ടപ്പിള്ളി, ജൈമോന്‍ ദേവസ്യ, ജോണ്‍ കല്ലൂക്കാരന്‍, ഷിജോ മാത്യു, പാപ്പച്ചന്‍ ആത്തപ്പിള്ളി, പ്രകാശ് പി ജോണ്‍ എന്നിവരും പങ്കെടുത്തു. 

Tags:    

Similar News