ഇടമലയാര്‍ ആനവേട്ടക്കേസ്: കല്‍ക്കത്തയില്‍ പിടിയിലായ പിതാവിനെയും മകളെയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അപേക്ഷയുമായി വനം വകുപ്പ്

2015ല്‍ ഇടമലയാര്‍ തുണ്ടം റേഞ്ചില്‍ നടന്ന ആനക്കൊമ്പ് കടത്ത് കേസില്‍ അന്ന് 360 കിലോയുടെ ആനക്കൊമ്പും ശില്‍പ്പങ്ങളുമാണ് കേരള വനംവകുപ്പ് പിടികൂടിയത്. കേസില്‍ 51 പ്രതികളെ ഡല്‍ഹിയില്‍ നിന്നും പിടികൂടുകയും ചെയ്തു. എന്നാല്‍ സുധീഷിനെയും അമിതയെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവരെ പിടികൂടുന്നതിനായി വനംവകുപ്പ് ഡിആര്‍ഐ, സിബിഐ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു

Update: 2019-03-14 03:04 GMT

കൊച്ചി:ഒരു കോടിയുടെ ആനക്കൊമ്പും ശില്‍പങ്ങളുമായി കല്‍ക്കത്തയില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശി സുധീഷ് ചന്ദ്ര ബാബു, മകള്‍ അമിത എന്നിവരെ ഇടമലയാര്‍ ആനവേട്ടക്കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി വനം വകുപ്പ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.ഒരു കോടിയുടെ ആനക്കൊമ്പും ആനക്കൊമ്പില്‍ നിര്‍മ്മിച്ച ശില്‍പങ്ങളുമായി തിങ്കളാഴ്ച രാവിലെ 11.15ന് കാറില്‍ പശ്ചിമ ബംഗാളിലെ കോന എക്‌സ്പ്രസ് വേയിലൂടെ പോകുന്നതിനിടെയാണ് ഇരുവരും ഡിആര്‍ഐയുടെ പിടിയിലാകുന്നത്. ആനക്കൊമ്പ് കൈവശം വെയ്ക്കുന്നതിനുള്ള രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കല്‍ക്കത്തയിലെ വീട്ടില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് ഡിആര്‍ ഐക്ക് വിവരം ലഭിച്ചത്.വീട് പരിശോധിച്ച അന്വേഷണ സംഘം പത്ത് വിഗ്രഹങ്ങള്‍, നാല് പായ്ക്കറ്റ് കഷണങ്ങള്‍, നാല് പായ്ക്കറ്റ് ആനക്കൊമ്പ് പൊടി, ആഭരണങ്ങള്‍, വിഗ്രഹം ഉറപ്പിക്കാനുള്ള രണ്ട് പീഠം എന്നിവ കണ്ടെടുത്തു. ഇവയ്ക്ക് 1.03 കോടി രൂപ വിലവരും. സുധീഷും അമിതയും ആനക്കൊമ്പ് കടത്തില്‍ സ്ഥിരം കുറ്റവാളികളാണെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

സുധീഷ് ആനക്കൊമ്പും വിഗ്രങ്ങളും ശേഖരിക്കുമ്പോള്‍ അവയുടെ വില്‍പ്പനയും വിതരണവുമായിരുന്നു അമിതയുടെ ചുമതല. സിലിഗിരി വഴി നേപ്പാളിലേക്ക് വിഗ്രങ്ങള്‍ കടത്താനായിരുന്നു പദ്ധതി. സുധീഷ് കോട്ടയത്ത് നിന്നും സാന്ദ്രഗച്ചിയിലേക്ക് യാത്ര ചെയ്ത ട്രെയിന്‍ ടിക്കറ്റും കണ്ടെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആനക്കൊമ്പ് ശേഖരിച്ചതെന്ന് ഇരുവരും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. 2015ല്‍ ഇടമലയാര്‍ തുണ്ടം റേഞ്ചില്‍ നടന്ന ആനക്കൊമ്പ് കടത്ത് കേസില്‍ അന്ന് 360 കിലോയുടെ ആനക്കൊമ്പും ശില്‍പ്പങ്ങളുമാണ് കേരള വനംവകുപ്പ് പിടികൂടിയത്. കേസില്‍ 51 പ്രതികളെ ഡല്‍ഹിയില്‍ നിന്നും പിടികൂടുകയും ചെയ്തു. എന്നാല്‍ സുധീഷിനെയും അമിതയെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവരെ പിടികൂടുന്നതിനായി വനംവകുപ്പ് ഡിആര്‍ഐ, സിബിഐ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. രാജ്യത്തെ വലിയ ആനക്കൊമ്പ് വേട്ടയായിരുന്നു അത്. കോതമംഗലം കോടതിയിലാണ് ഇന്ന് വനം വകുപ്പ് അപേക്ഷ നല്‍കുന്നത്. അനുമതി കിട്ടുന്ന മുറയക്ക് കല്‍ക്കത്തയിലെത്തി പ്രതികളെ വനം വകൂപ്പ് കസ്റ്റഡിയില്‍ വാങ്ങും. 

Tags:    

Similar News