ആയാസരഹിത തെങ്ങുകയറ്റ യന്ത്രങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കും: മന്ത്രി

എന്‍ഐഐഎസ്ടിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ചകിരി ഉപയോഗിച്ചു നിര്‍മിച്ച പുതയിടല്‍ ഷീറ്റുകളും അദ്ദേഹം പുറത്തിറക്കി.

Update: 2019-06-19 06:22 GMT

തിരുവനന്തപുരം: ആയാസരഹിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തെങ്ങുകയറ്റ യന്ത്രങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും കൈപ്പിടിയിലൊതുങ്ങുന്ന വിലയിലുള്ളതുമായ യന്ത്രങ്ങളാകും വിപണിയിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ കയര്‍ റിസേര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത തെങ്ങുകയറ്റ യന്ത്രം പരിചയപ്പെടുത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കയര്‍ വ്യവസായ രംഗത്ത് ചകിരിയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി തൊണ്ട് ധാരാളമായി ആവശ്യമുണ്ട്. ഇതിനായി പച്ച തേങ്ങ ഇടുന്നതിനുള്ള യന്ത്രസഹായം ഉറപ്പ് വരുത്തുകയാണ് തെങ്ങ് കയറ്റ യന്ത്രങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് . 25000 രൂപയോളം വിലവരുന്നതും താരതമ്യേന ഭാരം കുറഞ്ഞതുമായ യന്ത്രങ്ങളാകുമിത്. ഇപ്പോള്‍ നിര്‍മ്മിച്ച യന്ത്രത്തില്‍ ഇതനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ വരുത്തിയ ശേഷം വലിയ തോതിലുള്ള നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഐഐഎസ്ടിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ചകിരി ഉപയോഗിച്ചു നിര്‍മിച്ച പുതയിടല്‍ ഷീറ്റുകളും അദ്ദേഹം പുറത്തിറക്കി. 

Tags:    

Similar News