ഇ-ചെലാന്‍ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്; സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്നത് എറണാകുളത്ത്

വാഹന പരിശോധനാ സമയത്ത് ഏതൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനുള്ള പിഴയും കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങളും അപ്പോള്‍ തന്നെ കുറ്റക്കാരന് പ്രിന്റ് ചെയ്ത് നല്‍കുന്നതാണ് ഇതിന്റെ പ്രത്യേക. ആന്‍ഡ്രോയ്ഡ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. പരിശോധനാ വേളയിലെ ഫോട്ടോയും തെളിവായി ശേഖരിക്കും

Update: 2020-06-12 07:38 GMT

കൊച്ചി: ഇ-ചെലാന്‍ സംവിധാനത്തിലൂടെ എറണാകുളം ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം സമ്പൂര്‍ണവും സമഗ്രവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധനം നിലവില്‍ വന്നത്. വാഹന പരിശോധനാ സമയത്ത് ഏതൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനുള്ള പിഴയും കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങളും അപ്പോള്‍ തന്നെ കുറ്റക്കാരന് പ്രിന്റ് ചെയ്ത് നല്‍കുന്നതാണ് ഇതിന്റെ പ്രത്യേകത.

ആന്‍ഡ്രോയ്ഡ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. പരിശോധനാ വേളയിലെ ഫോട്ടോയും തെളിവായി ശേഖരിക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ രാജ്യവ്യാപക കേന്ദ്രീകൃത സംവിധനമായ വാഹന്‍ സോഫ്റ്റ് വയറുമായി ഇ-ചെലാന്‍ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വാഹനത്തെ വാഹന്‍ സംവിധാനത്തിലൂടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇതുവഴി കഴിയും. നിയമലംഘനത്തിന് പിഴയടക്കാത്തവരെ വെര്‍ച്വല്‍ കോടതിക്ക് മുമ്പാകെ എത്തിക്കുവാന്‍ ഇ-ചെലാന്‍ സംവിധാനത്തിലൂടെ അനായാസം സാധിക്കും. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബാബു ജോണ്‍ ഇ ചെലാന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരായ കെ മനോജ് കുമാര്‍, ജി അനന്തകൃഷ്ണന്‍ പങ്കെടുത്തു. 

Tags:    

Similar News