എസ്എഫ്‌ഐയുടേത് സോഷ്യല്‍ ഫാഷിസം: ഡിഎസ്എ

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണം എന്ന ഭരണവര്‍ഗങ്ങളുടെ നിലപാടിനു അംഗീകാരം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനും സോഷ്യല്‍ ഫാഷിസ്റ്റ് പ്രവര്‍ത്തനരീതിക്കും വലിയ പങ്കാണുള്ളതെന്നും ഡിഎസ്എ കുറ്റപ്പെടുത്തി.

Update: 2019-07-13 05:34 GMT

കോഴിക്കോട്: എസ്എഫ്‌ഐ നടപ്പാക്കുന്നത് സോഷ്യല്‍ ഫാഷിസ്റ്റ് പ്രവര്‍ത്തന രീതിയാണെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍(ഡിഎസ്എ) സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. തങ്ങളെ ബാധിച്ച വലതു വ്യതിയാനത്തെയും രാഷ്ട്രീയ ജീര്‍ണതയെയും മറച്ചുവയ്ക്കാനാണ് എസ്എഫ്‌ഐ ഇത്തരമൊരു സോഷ്യല്‍ ഫാഷിസ്റ്റ് പ്രവര്‍ത്തന രീതിയിലേക്ക് വഴിമാറിയത്. പൂര്‍ണമായും ഭരണവര്‍ഗ ചേരിയിലേക്ക് കൂറുമാറിയ എസ്എഫ്‌ഐക്ക് വിദ്യാര്‍ഥികളെ വഞ്ചിച്ചുകൊണ്ട് മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കു.

യൂനിവേഴ്‌സിറ്റി കോളജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ മറ്റിതര കാംപസുകളിലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ സോഷ്യല്‍ ഫാഷിസ്റ്റ് അക്രമങ്ങള്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ യൂനിവേഴ്‌സിറ്റി കോളജിലെ തന്നെ എസ്എഫ്‌ഐയുടെ റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് മുതല്‍ പിന്നോട്ട് ഒരുപാട് സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. നേതൃത്വത്തിന് വഴങ്ങാത്ത അനുഭാവികളോടും മറ്റിതര വിദ്യാര്‍ത്ഥി സംഘടനകളോടും എസ്എഫ്‌ഐ ഫാഷിസ്റ്റ് സമീപനമാണ് സ്വീകരിച്ചുവരുന്നത്. എസ്എഫ്‌ഐക്ക് ആധിപത്യമുള്ള കോളജുകളിലെല്ലാം എസ്എഫ്‌ഐയുടെ സമീപനം യൂനിവേഴ്‌സിറ്റി കോളജിലേത്‌പോലെ തന്നെയാണ്. കേരളത്തില്‍ ഇതിന് ഒരുപാട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. എല്ലാ കോളജുകളെയും യൂനിവേഴ്‌സിറ്റി കോളജ് ആക്കി തീര്‍ക്കുന്നതിനാണ് എസ്എഫ്‌ഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇലക്ഷന്‍ നോമിനേഷന്‍ കൊടുക്കാന്‍ സമ്മതിക്കാതിരിക്കുക, സദാചാര സര്‍ക്കുലറുകള്‍ ഇറക്കുക, മറ്റിതര വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നു തുടങ്ങി എല്ലാ തരത്തിലുള്ള ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും നടത്തിപ്പുകാരായാണ് എസ്എഫ്‌ഐ കേരളത്തിലെ കാംപസുകളില്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നും ഡിഎസ്എ ആരോപിച്ചു.

ഒരുവശത്ത് പുരോഗമന ആശയങ്ങള്‍ പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികളെ കൂടെ കൂട്ടുകയും മറുവശത്ത് ഭരണവര്‍ഗത്തിന്റെ പിന്തിരിപ്പന്‍ ആശയങ്ങളുടെ നടത്തിപ്പിന് കുടപിടിക്കുന്നവരായി തീര്‍ന്നിരിക്കുകയാണ് എസ്എഫ്‌ഐ. എബിവിപി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ എന്താണോ ചെയ്യുന്നത് അതുതന്നെയാണ് എസ്എഫ്‌ഐ കേരളത്തില്‍ ചെയ്യുന്നതും. പണ്ട് കേരളത്തില്‍ ഈ പണി ചെയ്തുകൊണ്ടിരുന്നത് കെഎസ്‌യു ആയിരുന്നു. വിമോചനസമരം എന്ന പ്രതിവിപ്ലവ പ്രസ്ഥാനത്തിലൂടെ കേരളത്തിലെ ആദ്യത്തെ ഇടതു സര്‍ക്കാരിനെ താഴെയിറക്കി സമൂഹത്തിലെ പിന്തിരിപ്പന്‍ അധികാര ബന്ധങ്ങളെയും ആശയങ്ങളെയും നിലനിര്‍ത്തുകയായിരുന്നു കെഎസ്‌യു. ഈ കാലഘട്ടത്തില്‍ കെ.എസ് യു.വിന്റെ റോള്‍ എസ്എഫ്‌ഐ ചെയ്യുന്നു എന്ന് മാത്രം. സാമൂഹ്യ മാറ്റം ആഗ്രഹിക്കുന്ന വരെയും പുരോഗമനപരമായി ചിന്തിക്കുന്നവരെയും അടിച്ചമര്‍ത്തുകയാണ് എസ്എഫ്‌ഐ ചെയ്യുന്നത്. എസ്എഫ്‌ഐയിലെ തന്നെ പുരോഗമന കാരികളെ അടിച്ചമര്‍ത്തി കൊണ്ടും മറ്റിതര വിദ്യാര്‍ത്ഥി സംഘടനകളെ അടിച്ചമര്‍ത്തിയും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചും സ്വയം ഇടതുപക്ഷം എന്ന് അവകാശപ്പെട്ടും വിദ്യാര്‍ഥികളെ വഞ്ചിച്ചുകൊണ്ടുമാണ് അവരിത് നടപ്പിലാക്കുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് എസ്എഫ്‌ഐക്ക് അകത്തെ പുരോഗമനകാരികള്‍ സ്വന്തം നേതൃത്വത്തോട് തുടര്‍ന്നും കലാപം ചെയ്യേണ്ടതുണ്ടെന്നും ഡിഎസ്എ പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരത്തില്‍ അരാഷ്ട്രീയ സംഘട്ടനങ്ങളാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണം എന്ന ഭരണവര്‍ഗങ്ങളുടെ നിലപാടിനു കേരള സമൂഹത്തില്‍ അംഗീകാരം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ എസ്എഫ്‌ഐയുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമ രാഷ്ട്രീയത്തിനും സോഷ്യല്‍ ഫാഷിസ്റ്റ് പ്രവര്‍ത്തനരീതിക്കും വലിയ പങ്കാണുള്ളതെന്നും ഡിഎസ്എ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

Tags:    

Similar News