ലഹരി മരുന്നുകളുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

ഏറെ നാളുകളായി മയക്ക് മരുന്ന് വിപണത്തില്‍ ഇരുവരും പങ്കാളികള്‍ ആണെങ്കിലും ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമാണ്. മാനസ്സിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വസത്തിനായി നല്‍കുന്ന നൈട്രോസഫാം ഗുളികളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഇവരുടെ പക്കല്‍ നിന്ന് 90 ഗുളികകള്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ സേലത്തു നിന്ന് 10 എണ്ണം അടങ്ങിയ ഒരു സ്ട്രിപ്പ് ലഹരി ഗുളിക 100 രൂപയ്ക്ക് വന്‍തോതില്‍ വാങ്ങുന്ന ഇവര്‍ ഇവിടെ എത്തിച്ച് 500 രൂപയ്ക്ക് ആവശ്യക്കാര്‍ക്ക് മറിച്ച് വിറ്റഴിക്കുകയാണ് ചെയ്തിരുന്നത്. വിദ്യാര്‍ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇവരുടെ ഉപഭോക്താക്കളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

Update: 2019-04-30 04:05 GMT

കൊച്ചി: മയക്ക് മരുന്ന് വിപണന മാഫിയയിലെ പ്രധാന കണ്ണികളായ രണ്ട് യുവാക്കളെ മാരക ലഹരി ഗുളികകളുമായി ആലുവ റേഞ്ച് എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലുവ കടുങ്ങല്ലൂര്‍, നാല്‍പത്പറ കരയില്‍, ചാമുണ്ഡി എന്ന് വിളിക്കുന്ന ശിവ പ്രസാദ് (20), ആലുവ കണിയാംകുന്ന് കരയില്‍ ജൂനിയര്‍ റാംബോ എന്ന് വിളിക്കുന്ന മന്‍വിന്‍ (22) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ ടീം പിടികൂടിയത്. ഏറെ നാളുകളായി മയക്ക് മരുന്ന് വിപണത്തില്‍ ഇരുവരും പങ്കാളികള്‍ ആണെങ്കിലും ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമാണ്. മാനസ്സിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വസത്തിനായി നല്‍കുന്ന നൈട്രോസഫാം ഗുളികളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഇവരുടെ പക്കല്‍ നിന്ന് 90 ഗുളികകള്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ സേലത്തു നിന്ന് 10 എണ്ണം അടങ്ങിയ ഒരു സ്ട്രിപ്പ് ലഹരി ഗുളിക 100 രൂപയ്ക്ക് വന്‍തോതില്‍ വാങ്ങുന്ന ഇവര്‍ ഇവിടെ എത്തിച്ച് 500 രൂപയ്ക്ക് ആവശ്യക്കാര്‍ക്ക് മറിച്ച് വിറ്റഴിക്കുകയാണ് ചെയ്തിരുന്നത്. ആവശ്യക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ സാധനം എത്തിച്ച് കൊടുക്കും. വിദ്യാര്‍ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇവരുടെ ഉപഭോക്താക്കളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഇരുവരും ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ആലുവ ബാങ്ക് ജംഗ്ഷന് സമീപം ആവശ്യക്കാരെ കാത്ത് സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന ഇരു വരേയും ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം പിടികൂടുകയായിരുന്നു. മയക്ക് മരുന്ന് കഴിച്ച് ഉന്മാദത്തിലായ ഇവര്‍ ആക്രമാസക്തരായതിനെ തുടര്‍ന്ന് മല്‍പ്പിടത്തത്തിലൂടെയാണ് ഷാഡോ ടീം ഇവരെ കീഴ്‌പെടുത്തിയത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനും, ഉന്‍മാദ ലഹരിയില്‍ ജീവിക്കുന്നതിനും വേണ്ടിയാണ് പ്രതികള്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി പറഞ്ഞു. 40 നൈട്രോസെഫാം ഗുളികകള്‍ കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. തമിഴ്‌നാട് സേലം കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നണ്ടെന്നും നിരവധി യുവാക്കള്‍ മയക്ക് മരുന്നുകള്‍ വാങ്ങാന്‍ ഇവിടെ എത്താറുണ്ടെന്നും പിടിയിലായവര്‍ പറഞ്ഞു. പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഈ മാസം ആദ്യം തന്നെ 13 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 110 ഗ്രാം ഹാഷിഫ് ഓയില്‍ എന്നിവയുമായി മൂന്ന് പേരെ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തിരുന്നു. ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിന്‍, പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ കരീം, സജീവ് കുമാര്‍, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിബില്‍, നീതു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

Tags:    

Similar News