പാകിസ്താനില്‍ തീവ്രവാദം വളരുന്നത് ഭരണഘടന അല്ലാഹുവില്‍ നിന്നുള്ളതായതിനാല്‍: ഡോ. ഷീന ശുക്കൂര്‍

കോഴിക്കോട് ലോ കോളജില്‍ 'ഭീകരതയുടെയും ഭീകര വിരുദ്ധതയുടെയും അന്താരാഷ്ട്ര നിയമ വ്യവസ്ഥകള്‍; അനുഭവങ്ങളും വെല്ലുവിളികളും' എന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഷീനാ ശുക്കൂറിന്റെ വിവാദ പരാമര്‍ശം.

Update: 2019-01-31 10:51 GMT

കോഴിക്കോട്: പാകിസ്താനില്‍ തീവ്രവാദം വളരുന്നത് ഭരണഘടന അല്ലാഹുവില്‍ നിന്നുള്ളതായതിനാലെന്ന് എം ജി യുനിവേഴ്‌സിറ്റി മുന്‍ പ്രോ.വൈസ് ചാന്‍സ്‌ലര്‍ ഡോ.ഷീന ശുക്കൂര്‍. കോഴിക്കോട് ലോ കോളജില്‍ 'ഭീകരതയുടെയും ഭീകര വിരുദ്ധതയുടെയും അന്താരാഷ്ട്ര നിയമ വ്യവസ്ഥകള്‍; അനുഭവങ്ങളും വെല്ലുവിളികളും' എന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഷീനാ ശുക്കൂറിന്റെ വിവാദ പരാമര്‍ശം. സംസ്ഥാന ഉന്നത വിദ്യഭ്യാസ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഇന്ത്യക്ക് എഴുതപ്പെട്ട ശക്തമായ ഭരണഘടനയുണ്ട്. അതുകൊണ്ടുതന്നെ തീവ്രവാദം നമ്മെ വിഴുങ്ങിക്കളയുമെന്ന് പേടിക്കേണ്ടതില്ല. എന്നാല്‍, പാകിസ്താന് അതില്ല. അവരുടെ നിയമങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണ്. അതുകൊണ്ടാണ് തീവ്രവാദത്തിന് പാകിസ്താനില്‍ വേരോട്ടം ലഭിക്കുന്നത്. ഇന്ത്യയില്‍ തീവ്രവാദത്തെ നിയന്ത്രിക്കാനും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കാനും സാധിക്കും. അല്ലാഹുവില്‍ നിന്നുള്ള നിയമത്തെ മാനദണ്ഡമാക്കുന്നതിനാല്‍ പാകിസ്താന് അതിന് സാധിക്കില്ല എന്നായിരുന്നു ഷീനാ ശുക്കൂറിന്റെ പ്രസ്താവന.

ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ പാകിസ്താന് പ്രത്യേക പങ്കുള്ളതായി പറയാനാവില്ലെന്നും പാകിസ്താന്‍ സ്വയംതന്നെ അരക്ഷിതമാണെന്നും മണിപ്പാല്‍ ഉന്നത വിദ്യാഭ്യാസ അക്കാദമിയിലെ ജിയോ പൊളിറ്റിക്‌സ് മേധാവി ഡോ. അരവിന്ദ് കുമാര്‍ സെമിനാറിലെ ഇതേ സെഷനില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിറകെയാണ് ചോദ്യോത്തരവേളയില്‍ ഡോ. ഷീനാ ശുക്കൂര്‍ ഇസ്‌ലാമിക നിയമത്തെ ഒന്നാകെ തീവ്രവാദമായി ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തിയത്. 

Tags:    

Similar News