പ്രവാസികളുടെ മടക്കം: ആഭ്യന്തരയാത്രാക്രമീകരണം പൂര്‍ത്തിയായെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെയും കെഎസ്ആര്‍ടിസിയുടെയും ഉന്നത ഉദ്യോഗസ്ഥരെ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Update: 2020-05-07 05:46 GMT

തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍നിന്നും സംസ്ഥാനത്തെ വിവിധ എയര്‍പോര്‍ട്ടുകളിലെത്തുന്ന പ്രവാസികള്‍ക്കുള്ള ആഭ്യന്തര യാത്രാക്രമീകരണം പൂര്‍ത്തിയായതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. എല്ലാ എയര്‍പോര്‍ട്ടുകളിലും യാത്രയ്ക്ക് കെഎസ്ആര്‍ടിസി ബസ് സജ്ജമാണ്. കാറുകള്‍ ആവശ്യമുള്ളവര്‍ക്ക് ആവശ്യത്തിന് ടാക്‌സികളും ക്രമീകരിച്ചു. സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെയും കെഎസ്ആര്‍ടിസിയുടെയും ഉന്നത ഉദ്യോഗസ്ഥരെ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രാദേശികസമയം വൈകീട്ട് നാലുമണിക്കാണ് അബൂദബിയില്‍നിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനം പുറപ്പെടുക.

ദുബയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം വൈകീട്ട് 5.10നും യാത്രതിരിക്കും. 170 പേരായിരിക്കും ഒരു വിമാനത്തിലുണ്ടാവുക. ആദ്യദിനയാത്രക്കാര്‍ക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും നിര്‍ദേശപ്രകാരം നല്‍കിക്കഴിഞ്ഞു. 6,500 ഗര്‍ഭിണികളാണ് യുഎഇയില്‍നിന്നുമാത്രം നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത്. ജോലി നഷ്ടമായവര്‍, വിസാകാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരാണ് ആദ്യസംഘത്തില്‍ ഇടംനേടിയത്. മടങ്ങിയെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രങ്ങളില്‍തന്നെ 14 ദിവസവും പാര്‍പ്പിച്ച് പരിശോധന നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

Tags:    

Similar News