കേരളത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

Update: 2020-05-25 13:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. ചെറുവള്ളങ്ങളില്‍ മീന്‍പിടിക്കുന്നവര്‍ മിന്നലുള്ളപ്പോള്‍ വള്ളത്തില്‍ നില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. ബോട്ടുകളില്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെടുന്നവര്‍ മിന്നലുള്ളപ്പോള്‍ ഡെക്കില്‍ ഇറങ്ങിനില്‍ക്കരുത്. തൊഴിലാളികള്‍ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ സുരക്ഷിതമാക്കി വെയ്ക്കണം.കാറ്റും മഴയുമുള്ളപ്പോള്‍ മരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുത്.അടച്ചുറപ്പില്ലാത്തതും ഓലമേഞ്ഞതും ഷീറ്റു പാകിയതുമായ വീടുകളില്‍ താമസിക്കുന്നവര്‍1077 എന്ന നമ്പറില്‍ അറിയിക്കണം.വൈദ്യുത കമ്പികള്‍ പൊട്ടിവീഴാന്‍ സാധ്യതയുണ്ടെങ്കില്‍ കെ എസ് ഇ ബിയുടെ 1912 എന്ന നമ്പറില്‍ അറിയിക്കണം. പത്രം, പാല്‍ തുടങ്ങിയവ വിതരണം ചെയ്യുന്നവര്‍ അതിരാവിലെ ജോലിക്കിറങ്ങുമ്പോള്‍ വഴിയിലെ വെള്ളക്കെട്ടില്‍ വൈദ്യുത കമ്പി പൊട്ടിവീണുകിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വെള്ളിയാഴ്ച വരെ വേനല്‍ മഴയ്ക്കൊപ്പം കാറ്റും മഴയും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

Tags: