ദേവസ്വം ബോര്‍ഡില്‍ തുടക്കം കുറിക്കുന്ന മുന്നാക്ക സംവരണം ഭരണഘടനയോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള വെല്ലുവിളിയെന്ന് മെക്ക

ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ പത്ത് ശതമാനം മുന്നോക്ക സംവരണം വ്യവസ്ഥ ചെയ്തിരുന്നില്ല. വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യാത്ത കാര്യങ്ങള്‍ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് നിയമാനുസൃത നടപടിയല്ല. പിന്നോക്ക വിഭാഗ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്ന നീതിപൂര്‍വ്വകമല്ലാത്ത നടപടി ചട്ടവിരുദ്ധവും സാമൂഹ്യനീതിയുടെ നിഷേധവുമാണെന്നും ുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി പറഞ്ഞു

Update: 2019-11-02 09:41 GMT

കൊച്ചി: പത്തുശതമാനം മുന്നോക്ക സംവരണം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട്, വിഷയം ഭരണഘടനാ ബഞ്ചിന് വിടണമോയെന്നകാര്യത്തില്‍ തീരുമാനമെടുക്കാനിരിക്കെ ദേവസ്വം ബോര്‍ഡില്‍ തുടക്കം കുറിക്കുന്ന പത്തുശതമാനം മുന്നോക്ക സംവരണം സുപ്രീംകോടതിയെപ്പോലും അവഗണിക്കുന്നതും ഭരണഘടനയോടും പിന്നോക്ക വിഭാഗങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി.ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ പത്ത് ശതമാനം മുന്നോക്ക സംവരണം വ്യവസ്ഥ ചെയ്തിരുന്നില്ല. വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യാത്ത കാര്യങ്ങള്‍ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് നിയമാനുസൃത നടപടിയല്ല. പിന്നോക്ക വിഭാഗ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്ന നീതിപൂര്‍വ്വകമല്ലാത്ത നടപടി ചട്ടവിരുദ്ധവും സാമൂഹ്യനീതിയുടെ നിഷേധവുമാണെന്നും എന്‍ കെ അലി പറഞ്ഞു.

പത്ത് ശതമാനം മുന്നോക്ക സംവരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകള്‍ സംസ്ഥാനത്ത് ബാധകമാക്കുന്നതിന് പ്രായോഗികബുദ്ധിമുട്ടുകളുള്ളതിനാല്‍ അതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി റിപോര്‍ട്ട് ലഭിച്ച ശേഷമേ മുന്നോക്ക സംവരണം പ്രാവര്‍ത്തികമാക്കുകയുള്ളൂവെന്ന സര്‍ക്കാരിന്റെ മുന്‍നിലപാടും മുന്നോക്ക സമുദായങ്ങളുടെ ആവശ്യവും നിലനില്‍ക്കുമ്പോള്‍, ഇത്തരം ഭരണഘടനാവിരുദ്ധവും നിയമവ്യവസ്ഥകളേയും നിലവിലുള്ള ചട്ടങ്ങളും ലംഘിച്ചുള്ള സര്‍ക്കാര്‍ നീക്കം ഗുഢലക്ഷ്യത്തോടെയാണ്.മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവന്റെ ക്ഷേമത്തേക്കാളുപരി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സവര്‍ണ മുന്നോക്ക വോട്ട് ലക്ഷ്യം വച്ചുള്ള സര്‍ക്കാരിന്റെ പ്രീണനനയം സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംവരണ സംവിധാനങ്ങളെ പാടെ തകര്‍ക്കുന്നതാണ്. ഈ സാഹചര്യത്തില്‍ മുന്നോക്ക സംവരണം സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളിലടക്കം എല്ലാവിധ മുന്നോക്ക സംവരണ നടപടികളും നിര്‍ത്തിവെക്കണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.

Tags:    

Similar News