എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ
തിരുവനന്തപുരം: മസ്‌കറ്റില്‍ മരിച്ച നമ്പി രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പരിഗണിക്കുന്നില്ലെന്ന് രാജേഷിന്റെ ഭാര്യ അമൃത. നേരത്തെ ചര്‍ച്ച നടത്താമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോള്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മെയില്‍ അയക്കാനാണ് പറയുന്നത്. ആകെ ടിക്കറ്റിന്റെ റീഫണ്ട് തുക മാത്രമാണ് നല്‍കിയത്. കേണപേക്ഷിച്ചിട്ടും താന്‍ പറയുന്നത് കേള്‍ക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ തയ്യാറായില്ല. തങ്ങളെ ഒഴിവാക്കി വിടാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ശ്രമിച്ചത്. വിമാനം റദ്ദായ സമയത്ത് തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കില്‍ അവസാനമായി ഭര്‍ത്താവിനെ കാണാന്‍ കഴിയുമായിരുന്നു. സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് പറഞ്ഞ അമൃത എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അനാസ്ഥയില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
മസ്‌കത്തില്‍ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിന്റെ അടുക്കലേക്കുള്ള അമൃതയുടെ യാത്ര മുടങ്ങിയത് നൊമ്പര കാഴ്ചയായിരുന്നു. രണ്ട് തവണ ടിക്കറ്റെടുത്തിട്ടും സമരം കാരണം അമൃതയ്ക്ക് പോകാനായില്ല. യാത്ര മുടങ്ങിയതോടെ പ്രാര്‍ത്ഥനയുമായി കാത്തിരുന്ന അമൃത പിന്നെ കേട്ടത് നമ്പി രാജേഷിന്റെ മരണവാര്‍ത്തയാണ്. ഇന്നലെ രാവിലെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങി. പിന്നീട് ഈഞ്ചക്കലിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫിസിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് ബന്ധുക്കള്‍ മൃതദേഹവുമായി മടങ്ങിയത്.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. അത്യാസന്ന നിലയിലായിരുന്ന ഭര്‍ത്താവിന് അരികിലേക്ക് ഉടന്‍ എത്തണണെന്ന് അമൃത കേണുപറഞ്ഞിട്ടും അന്ന് പരിഹാരം കാണാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ ശ്രമിച്ചിരുന്നില്ല. ഇനി എന്ത് ഉറപ്പ് നല്‍കിയാലും നടപടിയെടുത്താലും അമൃതയുടെ കണ്ണീര്‍ തോരുകയുമില്ല.
