ഡല്‍ഹി തിരഞ്ഞെടുപ്പ്: ബിജെപിക്ക് ജനം നല്‍കിയ തിരിച്ചടി; കെജ്‌രിവാളിനെ അഭിനന്ദിച്ച് പിണറായി വിജയന്‍

ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ബിജെപിക്ക് ഒരു ബദലുണ്ടെങ്കില്‍ അവരെ ജനം അംഗീകരിക്കുമെന്നതിന് തെളിവാണ് ഡല്‍ഹി ഫലം.

Update: 2020-02-11 09:17 GMT

തിരുവനന്തപുരം: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ വര്‍ഗീയതയ്ക്കും ജനദ്രോഹനടപടികള്‍ക്കുമെതിരേ ജനം നല്‍കിയ തിരിച്ചടിയാണ് ഡല്‍ഹി ഫലമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ബിജെപിക്ക് ഒരു ബദലുണ്ടെങ്കില്‍ അവരെ ജനം അംഗീകരിക്കുമെന്നതിന് തെളിവാണ് ഡല്‍ഹി ഫലം.

ബിജെപിക്കെതിരേ ഒരു ബദലാവാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. കോണ്‍ഗ്രസും എഎപിക്കൊപ്പം നിന്നിരുന്നെങ്കില്‍ ബിജെപിക്ക് നിലവിലുള്ള സീറ്റ്‌പോലും ലഭിക്കുമായിരുന്നില്ല. ഈ ഫലത്തില്‍നിന്ന് ബിജെപിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കണം. രാജ്യത്തിന്റെ പൊതുവികാരമാണ് ഡല്‍ഹി ഫലത്തില്‍ പ്രതിഫലിച്ചത്. കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.

അത് അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. അത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുവെങ്കില്‍ അവിടെ യോജിച്ച് മല്‍സരിക്കാന്‍ കഴിയുമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേജരിവാളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കേജരിവാളിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നായിരുന്നു മമതയുടെ വാക്കുകള്‍. ബിജെപിയെ രാജ്യത്തെ ജനങ്ങള്‍ തിരസ്‌കരിച്ചുതുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News