സോളാര്‍: കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ദീപ്തി മേരി വര്‍ഗീസ്

ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി പി എമ്മിന്റെ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണിത്. സ്ത്രീകള്‍ക്ക് അനുകൂലമായുള്ള നിയമത്തെ ഇതിനായി ദുരുപയോഗം ചെയുകയാണ് സംസ്ഥാന സര്‍ക്കാരെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

Update: 2019-03-15 16:02 GMT

കൊച്ചി : സോളാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എ ഐ സി സി അംഗം ദീപ്തി മേരി വര്‍ഗീസ്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി പി എമ്മിന്റെ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണിത്. സ്ത്രീകള്‍ക്ക് അനുകൂലമായുള്ള നിയമത്തെ ഇതിനായി ദുരുപയോഗം ചെയുകയാണ് സംസ്ഥാന സര്‍ക്കാരെന്നും ദീപ്തി മേരി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിശ്വാസയോഗ്യമല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ച കേസാണ് സോളാര്‍ കേസ്. കൂടാതെ കേസിന് ഒരു അടിസ്ഥാനവുമില്ലെന്ന കാരണത്താലാണ് രണ്ട് പ്രഗത്ഭരായ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ നിന്നും പിന്മാറിയത്. ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ച മൂന്ന് എം എല്‍ എ മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് സി പി എമ്മിന്റെ പരാജയഭീതി മൂലമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുതരംഗത്തെ അതിജീവിച്ച് ഉജ്ജ്വല വിജയം കൈവരിച്ചവരാണ് ഈ എം എല്‍ എ മാര്‍. ഭരിക്കുന്ന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സി പി എമ്മിന്റെ നടപടി കേരളത്തിലെ രാഷ്ട്രീയ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നും അവര്‍ പറഞ്ഞു. പ്രളയത്തിനുശേഷം ജനങ്ങള്‍ക്കായി ഒന്നും ചെയാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കൂടാതെ വിലക്കയറ്റം ഉള്‍പ്പെടെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാവുന്നത്. ഇത്തരത്തില്‍ പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ പരാജയം മറച്ച് വെയ്ക്കാനുള്ള വിഫലശ്രമമാണ് എം എല്‍ എ മാര്‍ക്കെതിരായ കേസ്. ഇത്തരത്തില്‍ പൊതുവിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനായി സി പി എം നടത്തുന്ന നീക്കങ്ങള്‍ ബി ജെ പിയുടെ ശൈലിയാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. 

Tags:    

Similar News