ഉമ്മന്‍ ചാണ്ടിയുടേതല്ല; കത്തിലുണ്ടായിരുന്നത് ഗണേഷ് കുമാറിന്റെ പേരെന്ന് ഫെനി ബാലകൃഷ്ണന്‍

Update: 2023-09-13 12:30 GMT

തിരുവനന്തപുരം: സോളാര്‍ കേസ് പരാതിക്കാരിയുടെ കത്തില്‍ ഉണ്ടായിരുന്നത് ഗണേഷ് കുമാറിന്റെ പേരായിരുന്നുവെന്നും ഉമ്മന്‍ചാണ്ടിയുടേത് ആയിരുന്നില്ലെന്നും പരാതിക്കാരിയുടെ ആദ്യകാല അഭിഭാഷകന്‍ അഡ്വ. ഫെനില്‍ ബാലകൃഷ്ണന്‍. ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് അഡ്വ. ഫെനില്‍ ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പരാതിക്കാരിയുടേത് കത്ത് ആയിരുന്നില്ല. പരാതിയുടെ ഡ്രാഫ്റ്റ് ആയിരുന്നു. അതില്‍ ഉമ്മന്‍ചാണ്ടിയുടെ പേരല്ല ഉണ്ടായിരുന്നത്. ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന്റെ പിഎ പ്രദീപും ബന്ധു ശരണ്യാ മനോജും ചേര്‍ന്ന് ഗണേഷിനെ ഒഴിവാക്കി പകരം ഉമ്മന്‍ ചാണ്ടിയുടെ പേര് ചേര്‍ക്കുകയായിരുന്ന. പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് താന്‍ കത്ത് ഗണേഷ് കുമാറിന്റെ പിഎയ്ക്കു കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരി നല്‍കിയ കത്തില്‍ 21 പേജേ ഉണ്ടായിരുന്നുള്ളൂ. പത്തനംതിട്ട സബ് ജയിലില്‍ നിന്ന് അതെടുത്ത് പുറത്തേക്ക് വന്നപ്പോള്‍ ഞാന്‍ അത് രേഖപ്പെടുത്തിയിരുന്നു. ശേഷം പരാതിക്കാരിയുടെ നിര്‍ദേശ പ്രകാരം ഗണേഷ് കുമാറിന്റെ പിഎ പ്രദീപിന് കൈമാറി. പത്ത് പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു ചുവന്ന കാറിലെത്തി. ആ കാറില്‍ കയറിയാണ് ബാലകൃഷ്ണ പിള്ള സാറിന്റെ അടുത്തേക്ക് കൊണ്ടുപോയത്. അദ്ദേഹം അവിടെ ഇല്ലായിരുന്നു. കത്തുമായി പ്രദീപ് പോയി. ഒരു മൂന്ന് മണിക്കൂര്‍ എന്നെ അവിടെയിരുത്തിയ ശേഷം എല്ലാം ഏര്‍പാടാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. വക്കീലിനെ തിരിച്ചുകൊണ്ട് വിടുകയാണെന്നും പറഞ്ഞു. അതിന് ശേഷം ആ അധ്യായം അവിടെ അവസാനിച്ചു. ജയിലില്‍ നിന്നിറങ്ങി രണ്ട് ദിവസം തന്റെ വീട്ടില്‍ താമസിച്ച ശേഷം ശരണ്യാ മനോജിന്റെ വീട്ടിലാണ് ആറ് മാസത്തോളം പരാതിക്കാരി താമസിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുണ്ടായിരുന്നുവെന്നും അത് പരാജയപ്പെട്ടതോടെയാണ് ശരണ്യാ മനോജും പ്രദീപും തന്നെ സമീപിച്ചതെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ആദ്യം ഉണ്ടായിരുന്ന ഡ്രാഫ്റ്റിനൊപ്പം ശരണ്യാ മനോജ് തന്ന പേരുകളും ചേര്‍ത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കത്തില്‍ ഉമ്മന്‍ ചാണ്ടിക്കും ജോസ് കെ മാണിക്കുമെതിരേ ലൈംഗികാരോപണം ഉണ്ടായിരുന്നു. ഇത് ശരിയല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍, ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ്, അദ്ദേഹത്തിന് മന്ത്രിയാവാന്‍ പറ്റിയില്ല. മുഖ്യനെ താഴെയിറക്കണം എന്നായിരുന്നു ശരണ്യാ മനോജ് പറഞ്ഞതെന്നും ഫെനി പറഞ്ഞു. ആദ്യം ഉണ്ടായിരുന്ന ഡ്രാഫ്റ്റിനൊപ്പം ശരണ്യാ മനോജ് തന്ന പേരുകളും ചേര്‍ത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരി തന്നെ കൈപ്പടയില്‍ എഴുതുകയായിരുന്നു. ഗണേഷ്‌കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ദല്ലാള്‍ നന്ദകുമാറിനെ കൊണ്ടുവന്നത്. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്മാര്‍ ശരണ്യാ മനോജും പ്രദീപും ആണെന്നും അദ്ദേഹം ആരോപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണ് താന്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്. കാരണം, ഇനി ആര്‍ക്കെതിരെയും ഇതുപോലെ ആരോപണം ഉണ്ടാവരുതെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.




Tags:    

Similar News