കേന്ദ്രത്തോട് കേരളം; വിദേശത്ത് വച്ച് തന്നെ മലയാളികള്‍ക്ക് കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം

പരിശോധനയില്ലാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ കേരളത്തിന്റെ ആശങ്ക കാബിനറ്റ് സെക്രട്ടറിയെ സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു.

Update: 2020-05-05 09:00 GMT

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവരെ അതാത് രാജ്യങ്ങളില്‍ വെച്ച് തന്നെ പരിശോധിച്ച് രോഗബാധയില്ലെന്നു ഉറപ്പാക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരിശോധനയില്ലാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ കേരളത്തിന്റെ ആശങ്ക കാബിനറ്റ് സെക്രട്ടറിയെ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

രോഗബാധിതനായ വ്യക്തി വിമാനത്തില്‍ യാത്ര ചെയ്താല്‍ വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്ക് അസുഖം ബാധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് കണക്കിലെടുത്ത് വിമാനത്തില്‍ കയറ്റും മുമ്പ് പ്രവാസികള്‍ക്ക് മുന്‍കൂര്‍ പരിശോധന ആവശ്യമാണെന്നാണ് കേരളം കേന്ദ്രത്തിന് മുന്നില്‍ വെച്ചിട്ടുള്ള നിര്‍ദേശം.

വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവരെ മുഴുവന്‍ ഒന്നിച്ച് ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന കേന്ദ്ര മാര്‍ഗനിര്‍ദേശത്തില്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. മെയ് ഏഴ് മുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നത്. മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും അവലോകന യോഗത്തില്‍ പങ്കെടുത്തു. കേരളത്തിലേക്ക് മടങ്ങാന്‍ നോര്‍ക്ക വഴി 4.27 ലക്ഷം വിദേശ മലയാളികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Tags: