കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ സ്ഥലം മാറ്റി; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദ പരമാര്‍ശം മൂലമെന്ന് സൂചന

നാഗ് പൂരിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.തിരുവനന്തപും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോട് അനീഷ് പി രാജന്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ അനീഷ് രാജനെ പിന്നീട് അന്വേഷണ സംഘത്തില്‍ നിന്നും നീക്കിയെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.

Update: 2020-07-30 07:51 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ സ്ഥലം മാറ്റി.എറണാകുളത്ത് നിന്നും നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിന്റെ തുടക്ക സമയത്ത് അനീഷ് പി രാജന്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സ്വര്‍ണമടങ്ങിയ ബാഗ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് പിടിച്ചുവെച്ച സമയത്ത് അത് വിട്ടു നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വിളിച്ചിരുന്നുവെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപണം ഉയര്‍ത്തുകയും ഇത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു.ഇത് വിവാദമായ സമയത്താണ് മാധ്യമ പ്രവര്‍ത്തകര്‍ അനീഷ് രാജനോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് ആരും വിളിച്ചില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞത്.

ഈ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു.പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ അടക്കം രംഗത്തു വരികയും ചെയ്തിരുന്നു.അനീഷ് പി രാജന് സിപിഎം ബന്ധമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പരമാര്‍ശം നടത്തിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.അനീഷ് രാജനെ പിന്നീട് അന്വേഷണ സംഘത്തില്‍ നിന്നും നീക്കിയെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹത്തെ എറണാകുളത്ത് നിന്നും നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയെന്ന വാര്‍ത്തയും പുറത്തു വരുന്നത്. 

Tags: