നെടുങ്കണ്ടം കസ്റ്റഡിമരണം: പോലിസ് തെറ്റിദ്ധരിപ്പിച്ചെന്ന് ഡോക്ടര്‍മാർ

രാജ്കുമാറിനെ 20 മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വച്ചുവെന്നും പ്രതിയുടെ കാലില്‍ നീരുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഓടിച്ചിട്ട് പിടിക്കുന്നതിനിടെ കുഴിയില്‍ വീണപ്പോഴാണ് രാജ്കുമാറിന്റെ നട്ടെല്ലിന് പരിക്കേറ്റതെന്നാണ് പോലിസുകാര്‍ പറഞ്ഞത്.

Update: 2019-07-10 05:44 GMT

ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാര്‍  കസ്റ്റഡി മർദ്ദനത്തെ തുടർന്ന് മരിച്ച സംഭവത്തില്‍ പോലിസിനെതിരേ ഡോക്ടറുടെ മൊഴിയും. രാജ്കുമാരിന് ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് പോലിസുകാര്‍ അറിയിച്ചത്. തങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിയിലെ ഡോക്ടര്‍മാരായ പദ്മദേവ്, വിഷ്ണു എന്നിവര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് ജൂണ്‍ 16നാണ് രാജ്കുമാറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രാജ്കുമാറിനെ 20 മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വച്ചുവെന്നും പ്രതിയുടെ കാലില്‍ നീരുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഓടിച്ചിട്ട് പിടിക്കുന്നതിനിടെ കുഴിയില്‍ വീണപ്പോഴാണ് രാജ്കുമാറിന്റെ നട്ടെല്ലിന് പരിക്കേറ്റതെന്നാണ് പോലിസുകാര്‍ പറഞ്ഞത്.

അതേസമയം, കേസില്‍ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ് ഇന്നും തുടരും. ഇന്ന് വൈകീട്ട് ആറ് മണിവരെയാണ് കേസിലെ ഒന്നാം പ്രതി എസ്‌ഐ സാബുവിന്റെ കസ്റ്റഡി കാലാവധി. ഇതിനകം ഇയാളില്‍ നിന്ന് മുഴുവന്‍ തെളിവുകളും ശേഖരിച്ച് രാജ്കുമാറിനെ മര്‍ദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍.

Tags:    

Similar News