താനൂരിലെ കൊലയ്ക്ക് പിന്നില്‍ നാലംഗ സംഘം; അറസ്റ്റ് ഉടനെന്ന് പോലിസ്

നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പോലിസ് അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.

Update: 2019-10-25 04:21 GMT

മലപ്പുറം: മലപ്പുറം താനൂല്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് നാലംഗ സംഘമെന്ന് മലപ്പുറം എസ്പി യു അബ്ദുള്‍ കരീം. നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പോലിസ് അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും എസ്പി പറഞ്ഞു. ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ ഒരു സംഘം വെട്ടിക്കൊന്നത്. കൊലയാളികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് റിപോര്‍ട്ട്.

സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ലീഗ് മണ്ഡലം കമ്മിറ്റി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. രാത്രി ഏഴരയോടെയാണ് അഞ്ചുടിയില്‍ ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നു പള്ളിയിലേക്കു വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ആക്രമണം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളില്‍ രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

മുസ്‌ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ നിരവധി തവണ താനൂരിലും അഞ്ചുടിയിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്. 

Tags: