ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി

മൂന്നു മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ശല്യമാവുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമായ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കോടതി വ്യക്തമാക്കി.മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്കു മുന്നിലേക്കു വിടാനാകില്ല.മദ്യം വാങ്ങാന്‍ എത്തുന്നവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കണം

Update: 2021-08-11 13:53 GMT

കൊച്ചി: മദ്യശാലകളിലെ ജനക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്നു ഹൈക്കോടതി . മദ്യശാലകളിലെ തിരക്കു സംബന്ധിച്ചു കോടതി സ്വമേധയായെടുത്ത ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശമുണ്ടായത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് രോഗം വന്നോട്ടെയെന്ന നിലപാട് ശരിയല്ലെന്നു കോടതി വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ശല്യമാവുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമായ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കോടതി വ്യക്തമാക്കി.

മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്കു മുന്നിലേക്കു വിടാനാകില്ല.മദ്യം വാങ്ങാന്‍ എത്തുന്നവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കണം. അവര്‍ക്കു രോഗം വന്നോട്ടെ എന്നു ചിന്തിക്കരുതെന്നും കോടതി വ്യക്തമാക്കി.കടകളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പുതിയ മാര്‍ഗരേഖ മദ്യഷാപ്പുകള്‍ക്കും ബാധകമാണെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ബിവറേജസ് കോര്‍പറേഷനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

സര്‍ക്കാര്‍ തീരുമാനം കോടതി രേഖപ്പെടുത്തി. പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം മദ്യക്കടകള്‍ക്കു പ്രത്യേക ഇളവില്ല എന്നു സര്‍ക്കാര്‍ അറിയിച്ചു.തീര്‍ത്തും സൗകര്യമില്ലാത്ത 94 മദ്യവില്‍പന ശാലകളുടെ പട്ടിക നേരത്തേ എക്‌സൈസ് വകുപ്പ് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പുരോഗതി എന്തായെന്നു കോടതി ആരാഞ്ഞു. ഈ വില്‍പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കുറഞ്ഞത് മൂന്നു മാസമെങ്കിലും സമയം വേണ്ടി വരുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി.

Tags:    

Similar News