കരോള്‍ സംഘത്തിന് ഡിവൈഎഫ്‌ഐയുടെ ഊരുവിലക്ക്: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഡിവൈഎഫ്‌ഐയുടെ ഊരുവിലക്കിനെത്തുടര്‍ന്ന് പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ അഭയം തേടിയ ആറ് കുടുംബങ്ങളിലെ 25 ഓളം പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും.

Update: 2019-01-05 10:53 GMT

കോട്ടയം: പാത്താമുട്ടത്ത് കരോള്‍ സംഘത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പോലിസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്. ഡിവൈഎഫ്‌ഐയുടെ ഊരുവിലക്കിനെത്തുടര്‍ന്ന് പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ അഭയം തേടിയ ആറ് കുടുംബങ്ങളിലെ 25 ഓളം പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. സംഘര്‍ഷം പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ് ധാരണയായത്. പ്രദേശത്തു സംഘര്‍ഷാവസ്ഥയും പ്രകോപനങ്ങളും ഒഴിവാക്കാന്‍ പോലിസ് പിക്കറ്റിങ്ങും ഏര്‍പ്പെടുത്തും.

കൃത്യമായ ഇടവേളകളില്‍ പോലിസ് സംഘത്തിന്റെ പട്രോളിങ്ങും നടക്കും. ഡിസംബര്‍ 23നു രാത്രിയാണ് പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയിലെ സ്ത്രീകളും കുട്ടികളും അടങ്ങിയ കരോള്‍ സംഘത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം ആക്രമിച്ചത്. സംഭവത്തില്‍ 7 പേരെ അറസ്റ്റുചെയ്തിരുന്നെങ്കിലും ഇവര്‍ ജാമ്യത്തിലിറങ്ങി അക്രമവും ഭീഷണിയും തുടരുകയാണെന്നായിരുന്നു പള്ളിയില്‍ കഴിയുന്നവരുടെ പരാതി. തുടര്‍ന്ന് പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടവും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇടപെട്ടതിനെത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞത്. പ്രതികള്‍ക്ക് പോലിസിന്റെ സംരക്ഷണം ലഭിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച എസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.


Tags:    

Similar News