മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍

ചൊവാഴ്ച രാത്രി ഏഴരയോടെ ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ കമ്മിറ്റി അംഗമായ ഷനോസിനെ ലീഗുകാര്‍ തട്ടികൊണ്ടുപോയി അവരുടെ കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ചു. പരിക്കേറ്റ ഷനോസിനെ ആശുപത്രിയിലെത്തിക്കാന്‍ വന്ന സിപിഎം പ്രവര്‍ത്തകരും ലീഗുകാരുമായുണ്ടായ സംഘര്‍ഷത്തിനിടയിലാണ് ദൗര്‍ഭാഗ്യകരരമായ കൊലപാതകം നടന്നത്.

Update: 2021-04-07 11:24 GMT

കണ്ണൂർ: പെരിങ്ങളം പുല്ലൂക്കര മുക്കില്‍ പീടികയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവം ദൗഭാഗ്യകരമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതൊരു ആസൂത്രിത കൊലപാതകമല്ല. പുല്ലൂക്കര 150ാം ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഔര്‍ഭാഗ്യകരമായ സംഭവത്തിനിടയാക്കിയത്. ലീഗുകാര്‍ തുടങ്ങിയ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെങ്കിലും അത് നടക്കാന്‍ പാടില്ലായിരുന്നു.

ഓപ്പണ്‍ വോട്ടുചെയ്യാന്‍ വന്ന പ്രായമായ സ്ത്രീയെ തിരികെ കൊണ്ടുവിടുന്നതിനിടയില്‍ സിപിഎം പ്രവര്‍ത്തകന്‍ സി ദാമോദരനെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇത് തടയാനെത്തിയ ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ കമ്മിറ്റി അംഗം ഒതയോത്ത് സ്വരൂപിനെയും അക്രമിച്ചു. ഇരുവര്‍ക്കും സാരമായ പരിക്കേറ്റിരുന്നു. ചൊവാഴ്ച രാത്രി ഏഴരയോടെ ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ കമ്മിറ്റി അംഗമായ ഷനോസിനെ ലീഗുകാര്‍ തട്ടികൊണ്ടുപോയി അവരുടെ കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ചു.

പരിക്കേറ്റ ഷനോസിനെ ആശുപത്രിയിലെത്തിക്കാന്‍ വന്ന സിപിഎം പ്രവര്‍ത്തകരും ലീഗുകാരുമായുണ്ടായ സംഘര്‍ഷത്തിനിടയിലാണ് ദൗര്‍ഭാഗ്യകരരമായ കൊലപാതകം നടന്നത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. കണ്ണൂരില്‍ നിയമസഭ തെരഞ്ഞെടുപ്പ് ശാന്തമായി നടന്ന സാഹചര്യത്തില്‍ ഇത്തരമൊന്ന് ഉണ്ടാകരുതായിരുന്നു.

മുക്കില്‍ പീടിക ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലമാണ്. ഇവിടെ എല്‍ഡിഎഫിന് വോട്ടുചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ അക്രമിച്ചതിന് രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. സിപിഎം നേതൃത്വത്തില്‍ ഇവിടെ അക്രമം നടത്തിയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇതൊക്കെയാണെങ്കിലും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണത്തിലൂടെ പോലിസ് കുറ്റവാളികളെ കണ്ടെത്തട്ടെ.

കണ്ണൂരില്‍ സംഘര്‍ഷം കുറക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. ഇതിന്റെ ഫലമായി സംഘര്‍ഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ സഹകരിക്കുന്നുണ്ട്. സമാധാനമുണ്ടാക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാകും. ഇതിന് സിപിഎം മുന്‍കൈയെടുക്കുമെന്നും എംവി ജയരാജന്‍ വ്യക്തമാക്കി.

Similar News