തെറ്റുതിരുത്തല്‍ രേഖ: സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും

മന്ത്രിമാര്‍ക്കെതിരെയും പോലിസിനെതിരെയും നേതൃത്വത്തിനെതിരെയും കഴിഞ്ഞദിവസം വിമര്‍ശനം ഉയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി.

Update: 2019-08-23 06:20 GMT

തിരുവനന്തപുരം: ആറുദിവസമായി തുടരുന്ന സിപിഎം സംസ്ഥാന നേതൃയോഗം ഇന്നവസാനിക്കും. തെറ്റ് തിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ചയാണ് പ്രധാനമായും നടക്കുന്നത്. 2015ലെ കോല്‍ക്കത്ത പ്ലീനത്തിലെ നിര്‍ദേശങ്ങള്‍ സംസ്ഥാനതലത്തില്‍ ഇതുവരേയും പൂര്‍ണമായും നടപ്പായില്ലെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

തെറ്റുതിരുത്തല്‍ രേഖയുടെ കരട് രേഖയില്‍ ഭേദഗതി വരുത്തിയായിരിക്കും സംസ്ഥാന സമിതി അംഗീകരിക്കുന്നത്. മന്ത്രിമാര്‍ക്കെതിരെയും പോലിസിനെതിരെയും നേതൃത്വത്തിനെതിരെയും കഴിഞ്ഞദിവസം വിമര്‍ശനം ഉയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി.

ശബരിമലയില്‍ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാന്‍ നിര്‍ബന്ധിക്കേണ്ടെന്ന മുന്‍നിലപാട് ജനങ്ങളോട് വിശദീകരിക്കും. പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. അതേസമയം, തിരുത്തല്‍ രേഖയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. മൂന്നുദിവസം സംസ്ഥാന സെക്രട്ടേറിയറ്റും മൂന്നുദിവസം സംസ്ഥാന സമിതിയുമാണ് ചേര്‍ന്നത്.

 

Tags: