ബിജെപി നയങ്ങള്‍ രാജ്യത്തിന് എതിര്, ബദല്‍ മുന്നോട്ടുവെയ്ക്കുന്നത് ഇടതുപക്ഷം: സീതാറാം യെച്ചൂരി

ബിജെപിക്കെതിരെ ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ബദലിന്റെ പ്രയോഗ വേദി കേരളം.ഈ ബദല്‍ ശക്തിപ്പെടുത്തുകയെന്നതാണ് ഇന്നിന്റെ ഉത്തരവാദിത്വം.ആപല്‍ക്കരമായ നയങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റേത്. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നു

Update: 2022-03-01 06:57 GMT

കൊച്ചി: രാജ്യത്തിനെതിരായ നയങ്ങളാണ് ബിജെപിയുടേതെന്നും ഇതിന് ബദല്‍ മുന്നോട്ടുവെയ്ക്കുന്നത് ഇടതുപക്ഷമാണെന്നും ഈ ബദലിന്റെ പ്രയോഗ വേദി കേരളമാണെന്നും സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആപല്‍ക്കരമായ നയങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റേത്. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുളളതെങ്കിലും ഏറെ അപകടകരമായ പ്രത്യയ ശാസ്ത്രമാണ് ഇടതുപക്ഷം പ്രതിനിധീകരിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.അവരെ ഇല്ലാതാക്കുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.ഇടതുപക്ഷത്തിന്റെ പ്രത്യയ ശാസ്ത്രം അപകടരമാണെന്ന് ബിജെപിക്ക് തോന്നാന്‍ കാരണം.ബിജെപി സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന രാജ്യത്തിനെതിരായിട്ടുള്ള രാജ്യത്തെ അഖണ്ടതയെ തകര്‍ക്കുന്ന എല്ലാ നയങ്ങള്‍ക്കും എതിരായ ബദല്‍ ഇടതുപക്ഷം മുന്നോട്ടു വെയ്ക്കുന്നുവെന്നതാണ്.രാജ്യത്തിന്റെ ആസ്തികള്‍ കൊള്ളയടിക്കുന്നതിനെതിരായിട്ടുള്ള ബദല്‍ ഇടതു പക്ഷം മുന്നോട്ടു വെയ്ക്കുന്നു.ഈ ബദല്‍ പ്രയോഗത്തിന്റെ വേദിയാണ് കേരളം. അതിനാലാണ് കേരളവും ഇടതുപക്ഷവും അപകടകരമായി പ്രധാനമന്ത്രിക്കും ബിജെപിക്കും തോന്നുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഈ ബദല്‍ ശക്തിപ്പെടുത്തുകയെന്നതാണ് ഇന്നിന്റെ ഉത്തരവാദിത്വം.ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയും മുന്നോട്ടു വെയ്ക്കുന്ന രാജ്യത്തിനെതിരായ നയങ്ങളെ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കഴിയുന്ന കാഴ്ചപ്പാട് കേരളത്തിനും ഇടതുപക്ഷത്തിനും മുന്നോട്ടു വെയ്ക്കാന്‍ കഴിയണം.കേരളം എക്കാലത്തും രാജ്യത്തിന് വഴികാട്ടിയായിട്ടുണ്ട്.ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതുമുതല്‍ സംഘടിതമായ ശ്രമം വഴി ഭരണഘടനയുടെ അടിസ്ഥാന ശിലകളെ അട്ടമറിക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത് ജമ്മു കശ്മീര്‍ സംസ്ഥാനം ഇല്ലാതാക്കി,ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി,പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് എല്ലാം ഇതിന്റെ ഭാഗമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി വഴി മതവും പൗരത്വവും തമ്മില്‍ ബന്ധപ്പെടുത്തി. അത് ഭരണ ഘടന അടിസ്ഥാന കാഴ്ചപ്പാടില്‍ നിന്നുള്ള പൂര്‍ണമായ വ്യതിയാനമാണ്.അതോടൊപ്പം ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്രമായ സ്ഥാപനങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേകമായ ഇടം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്.ആ സ്വതന്ത്ര സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതിനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.പാര്‍ലമെന്റിന്റെയും ജുഡീഷ്യറിയുടെയും എല്ലാം സ്വതന്ത്രമായ സ്വഭാവത്തെ മാറ്റുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര സംവിധാനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുന്നു.ഭരണ കക്ഷി പെരുമാറ്റ ചട്ടം ലംഘിക്കുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ തയ്യാറാകുന്നില്ല.പാര്‍ട്ടി പ്രവര്‍ത്ത രീതിയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സിബി ഐ, ഇഡി പോലുള്ള രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ആയുധങ്ങളും ഉപകരണങ്ങളുമായി മാറുകയും അവരുടെ രാഷ്ട്രീയ അജണ്ടയുടെ പ്രയോഗത്തിന് നേതൃത്വം നല്‍കാന്‍ ശ്രമിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.2019 ല്‍ വീണ്ടും അധികാരത്തില്‍ വന്നതിനു ശേഷം ഈ സര്‍ക്കാര്‍ സ്വതന്ത്രമായിട്ടുള്ള എല്ലാ സ്ഥാപനങ്ങളെയും അട്ടിമറിച്ചു.മതനിരപേക്ഷ ജനാധിപത്യ പരമാധികാര റിപ്പബ്ലിക്ക് എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിനെ അട്ടിമിച്ച് കൊണ്ട് ആര്‍എസ്എസ് നയിക്കുന്ന ഹിന്ദുരാഷ്ട്രത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മോഡി സര്‍ക്കാര്‍ നേതൃത്വം വഹിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഇതിനെതിരെ ജനകീയമായ പ്രതിരോധങ്ങള്‍ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ വഴിതെളിക്കുന്നു.ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് തിരഞ്ഞെടുപ്പിലൂടെ മാത്രം സാധിക്കുന്നതല്ല.അതിന് സ്ഥിരമായ രാഷ്ട്രീയ പ്രത്യയ ശാസ്ത്ര സംഘടന പ്രചരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.യുക്തിബോധത്തെയും വിവേകത്തെയും ശാസ്ത്ര ബോധത്തെയും ഇല്ലാതാക്കുന്ന ബിജെപി നടപടികളെ പ്രതിരോധിക്കാന്‍ കഴിയണം.ചരിത്ര നിരാസത്തിന്റെ സമീപനങ്ങള്‍ ബിജെപി സ്വീകരിക്കുന്നു.ബിജെപി സര്‍ക്കാര്‍ അതിനെ പ്രയോഗ വല്‍ക്കരിക്കുന്നു.മനുസ്മൃതി നടപ്പിലാക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇതിനെ നേരിടേണ്ടത് പ്രത്യയ ശാസ്ത്രപരമായി തന്നെയാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ചരിത്രത്തെ പൂര്‍ണ്ണമായും മാറ്റി ഹിന്ദു മിത്തോളജിയെ ചരിത്രത്തിന് പകരമായി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.ഇന്ത്യന്‍ ദര്‍ശനമെന്നത് ഹിന്ദു തിയോളജിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.ഇതിനെയെല്ലാം നേരിടണമെങ്കില്‍ പ്രത്യയശാസ്ത്രപരമായ കരുത്ത് ്പ്രധാനപ്പെട്ടതാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.ഇതിനാവശ്യമായ സമീപനങ്ങളായിരിക്കും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

Tags:    

Similar News