മാവോവാദി ബന്ധം: യുവാക്കൾക്കെതിരേ യുഎപിഎ ചുമത്തിയതിൽ സിപിഎമ്മിൽ അമർഷം

പോലിസ് നടപടിക്കെതിരെ സിപിഎം, സിപിഐ നേതാക്കൾ പരസ്യമായി വിമർശിച്ച് രംഗത്തുവന്നു. എം എ ബേബി, എം എ ലോറന്‍സ്, കെ ടി കുഞ്ഞിക്കണ്ണന്‍, പി മോഹനന്‍, ബിനോയ് വിശ്വം എന്നിവരാണ് വിമർശനവുമായി രംഗത്തുവന്നത്.

Update: 2019-11-02 14:09 GMT

തിരുവനന്തപുരം: മാവോവാദി ബന്ധം ആരോപിച്ച് രണ്ട് സിപിഎം യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ സിപിഎമ്മിനുള്ളിലും എൽഡിഎഫിലും അമർഷം. പോലിസ് നടപടിക്കെതിരെ സിപിഎം, സിപിഐ നേതാക്കൾ പരസ്യമായി വിമർശിച്ച് രംഗത്തുവന്നു. എം എ ബേബി, എം എ ലോറന്‍സ്, കെ ടി കുഞ്ഞിക്കണ്ണന്‍, പി മോഹനന്‍, ബിനോയ് വിശ്വം എന്നിവരാണ് വിമർശനവുമായി രംഗത്തുവന്നത്. ഫേസ്ബുക്ക്  വഴിയാണ് മുതിർന്ന സിപിഎം നേതാാക്കളായ ബേബിയും ലോറൻസും കുഞ്ഞിക്കണ്ണനും വിമതസ്വരം ഉയർത്തിയത്. 

മാവോവാദി സൗഹൃദത്തിന്റെ പേരില്‍ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പുനരാലോചിക്കണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു. മാവോവാദി ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തത് പോലിസ് പുനപരിശോധിക്കണമെന്ന് സിപിഎം പിബി അംഗം എം എ ബേബി ആവശ്യപ്പെട്ടു. ചെറുപ്പക്കാരായ വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്തത് നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് എം എ ലോറൻസ് പറഞ്ഞു. യുഎപിഎ ഉപയോഗിക്കുകയെന്നത് ഇടതുപക്ഷത്തിന്റെ നയമല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ടി കുഞ്ഞിക്കണ്ണൻ പ്രതികരിച്ചു. കേരളത്തിലെ പോലിസിലെ ഒരു വിഭാഗം എല്‍ഡിഎഫിന്റെ നയത്തെ ഉള്‍ക്കൊള്ളാത്തവരും അതിനെ അട്ടിമറിക്കാന്‍ നില്‍ക്കുന്നവരുമാണെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം എംപി പറഞ്ഞു.

എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മാവോവാദി ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തത് പോലിസ് പുനപരിശോധിക്കണം. യുഎപിഎ ഒരു കരിനിയമമാണ് എന്നതിൽ സിപിഐ എമ്മിനോ കേരള സർക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പോലിസ് ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുണ്ട്.

കെ ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇടതുപക്ഷത്തിന്റെ നയമല്ല യുഎപിഎ ഉപയോഗിക്കുകയെന്നത്. ഇടതുപക്ഷസർക്കാരിന്റെ നയത്തിനെതിരാണ് കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾക്കെതിരായി യുഎപിഎ ചുമത്തിയ പോലിസ് നടപടി. അത് പുനരാലോചിക്കുകയും തിരുത്തുകയും വേണം. 2016-ൽ സർക്കാർ അധികാരത്തിൽ വരുന്ന സന്ദർഭത്തിൽ സംസ്ഥാനത്ത് 165 യുഎപിഎ കേസുകൾ ഉണ്ടായിരുന്നു. അതിൽ 42 എണ്ണം പരിശോധിച്ച് ഒഴിവാക്കിയതായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലിസ് എടുത്ത 26 യുഎപിഎ കേസുകളിൽ 25 എണ്ണവും ആഭ്യന്തരവകുപ്പിന്റെയും സിപിഎമ്മിന്റെയും ശക്തമായ ഇടപെടൽ മൂലം ഒഴിവാക്കിയതാണ്. ആശയപ്രചരണത്തിന്റെയോ രാഷ്ട്രീയ അഭിപ്രായങ്ങളുടേയോ പേരിൽ യുഎപിഎ ചുമത്തെരുതെന്നത് സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഖ്യാപിത നയമാണ്. ഇതിന് വിരുദ്ധമായി പോലിസ് യുഎപിഎ ചേർത്ത് കേസ് എടുത്ത സാഹചര്യത്തിലാണ് എല്ലാ കേസുകളും സർക്കാർ പുനഃപരിശോധിച്ചത്. ഹൈക്കോടതിയിൽ സർക്കാർ നൽകിയ അഫിഡവിറ്റിൽ ആശയാഭിപ്രായങ്ങളുടെ പേരിൽ ഒരാൾക്കെതിരെ യുഎപി.എ ചുമത്തുകയെന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കിയതുമാണ്. സർക്കാരിന്റെ നയം മറന്ന് പ്രവർത്തിക്കാൻ പോലിസ്‌ സേനയ്ക്ക് എന്തധികാരമാണുള്ളത്.

എം എ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരേസമയം മാവോവാദി ആശയങ്ങളും കരിനിയമങ്ങളും എതിർക്കപ്പെടേണ്ടതാണ്. ജനങ്ങളുടെ ഇടയിൽ ഇവ തുറന്നു കാണിച്ചുകൊണ്ട് എതിർക്കാൻ നാം തയ്യാറാവണം. യുഎപിഎ കരിനിയമത്തെ പാർലിമെന്റിന് അകത്തും പുറത്തും എതിർത്തു പോന്ന പാർട്ടിയാണ് സിപിഎം. ആ നിലപാടിൽ നിന്ന് എന്തെങ്കിലും മാറ്റം പാർട്ടി ഇതുവരെ വരുത്തിയിട്ടും ഇല്ല. രണ്ട് ചെറുപ്പക്കാരായ വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്തത് നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. മാവോവാദികളുടെ ഒരു പ്രസിദ്ധീകരണം കൈവശം ഉണ്ടായിരുന്നു എന്നതാണ് അവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. കൈവശം പുസ്തകം ഉണ്ടായിരുന്നു എങ്കിൽ തന്നെ ആ കാരണം പറഞ്ഞു കൊണ്ട് ഈ കരിനിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തത് ഒരിക്കലും അംഗീകരിക്കുവാൻ ജനാധിപത്യ മനസാക്ഷിക്ക് കഴിയുന്ന കാര്യം അല്ല. ഒരു പ്രസിദ്ധീകരണം കൈവശമുണ്ട് എന്നത് കൊണ്ട് ആ പ്രസിദ്ധീകരണത്തെ അത് കൈവശം വെച്ചയാൾ അംഗീകരിക്കുന്നതായി കണക്കാക്കാൻ ആകില്ല. ചെറുപ്പക്കാരെ അടിയന്തരമായി മോചിപ്പിക്കുകയും ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കുവാൻ ഉറപ്പ്‌ ലഭിക്കുകയും വേണം. ഇത് അപലപാനീയമാണ്, സിപിഎമ്മിനും എൽഡിഎഫിനും കളങ്കം ഉണ്ടാക്കിയ നടപടിയുമാണ്.

അതേസമയം, മാവോവാദി ബന്ധം ആരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്. മാവോവാദം കുറ്റകരമല്ലെന്നും ആശയ പ്രചരണം നടത്താമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയുള്ള അറസ്റ്റ് കോടതിയലക്ഷ്യ നടപടിയുടെ പരിധിയില്‍ വരുമെന്നും നിയമരംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.

വിഷയത്തിൽ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ആഭ്യന്തര വകുപ്പിനെതിരെ പരസ്യവിമര്‍ശവുമായി രംഗത്തെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനേയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.  ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായിക്ക് പോലിസിനു മേല്‍ നിയന്ത്രണമില്ലെന്നും ഇത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്നുവെന്നുമുള്ള വിലയിരുത്തലാണ് പാര്‍ട്ടിക്കകത്തു നിന്നുതന്നെ ഉയരുന്നത്.

Tags:    

Similar News