സിപിഎം എറണാകുളം ജില്ലാ സമ്മേളനം നാളെ സമാപിക്കും

നാളെ രാവിലെ 10.30 ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് നടക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Update: 2021-12-15 13:40 GMT

കൊച്ചി: സി പി എം എറണാകുളം ജില്ലാ സമ്മേളനം നാളെ സമാപിക്കും.സമാപന ദിവസമായ നാളെ രാവിലെ 10.30 ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് നടക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വൈകിട്ട് അഞ്ചിന് കളമശേരിയില്‍ നടക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളായ എം എം ലോറന്‍സ്, രവീന്ദ്രനാഥ്, സരോജിനി ബാലാനന്ദന്‍, കെ എം സുധാകരന്‍ എന്നിവരെ ആദരിക്കും. നാലുമണിമുതല്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും. തെരുവ് നാടക മല്‍സര വിജയികള്‍ക്കുള്ള സമ്മാനവിതരണം, സെബി നായരമ്പലത്തിന്റെ സംഗീതനിശ, രാജീവ് കളമശേരി അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവയും പൊതുസമ്മേളനത്തോടനുബന്ധിച്ച് നടക്കും. പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് സമാപിച്ചു.

ചര്‍ച്ചയില്‍ 180 പ്രതിനിധികളാണ് പങ്കെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള 37 പ്രതിനിധികളും പങ്കെടുത്തു. ഉദ്ഘാടനം പ്രസംഗത്തിന്മേലും റിപ്പോര്‍ട്ടിന്മേലുള്ള പ്രതിനിധികളുടെ ചര്‍ച്ച അഞ്ചര മണിക്കൂര്‍ ചര്‍ച്ച നടന്നു. സാര്‍വദേശീയം, ദേശീയം, കേരളം എന്നീ തലങ്ങളിലുള്ള രാഷ്ട്രീയ വിഷയങ്ങളുടെ വിശദമായ ചര്‍ച്ചയാണ് നടന്നത്. ചര്‍ച്ചയില്‍ 39 പേരാണ് പങ്കെടുത്തത്. ഇതില്‍ 13 പേര്‍ സ്ത്രീകളായിരുന്നു.

കെ റെയിലുമായി ബന്ധപ്പെട്ട പ്രമേയവും ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരായ പ്രമേയവും അവതരിപ്പിച്ചു. ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കെ റെയില്‍ പദ്ധതിയെ എതിര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരേ 2022 മാര്‍ച്ച് 23 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ജില്ലാ ഹര്‍ത്താല്‍ വിജയിപ്പിക്കാനും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ഭരണത്തെക്കുറിച്ചും മന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ചും ചര്‍ച്ചകളുണ്ടായി.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചും സമ്മേളനത്തില്‍ ചര്‍ച്ച നടന്നു. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പരിസ്ഥിതി പ്രശ്‌നങ്ങളും ഉയര്‍ന്നുവരാറുണ്ട്. വികസനം ശക്തമായി തുടര്‍ന്നാല്‍ കേരളത്തില്‍ ഇടതുപക്ഷം കൂടുതല്‍ ശക്തമാകും. ഇതേ തുടര്‍ന്നാണ് കേരളത്തിന്റെ വികസന പദ്ധതികളെ തകിടം മറിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ ബി വര്‍ഗീസ്, ഖജാന്‍ജി കെ എന്‍ ഗോപിനാഥ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: