പഴകുളത്തെ സിപിഎം- ബിജെപി- ആര്‍എസ്എസ് രഹസ്യധാരണ ജനം തിരിച്ചറിയുക: എസ് ഡിപിഐ

കഴിഞ്ഞ തവണ ബിജെപി വിജയിച്ച അഞ്ചാം വാര്‍ഡില്‍ സിപിഎം വോട്ട് ബിജെപിക്കും പകരം പഴകുളം വാര്‍ഡില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിനുമാണ് എന്നതാണ് ധാരണയെന്ന് ഷാജു ആരോപിച്ചു.

Update: 2020-11-29 06:24 GMT

പഴകുളം: പഴകുളം വാര്‍ഡില്‍ ബിജെപിയുമായും ആര്‍എസ്എസ്സുമായും സിപിഎം നടത്തിയിട്ടുള്ള രഹസ്യധാരണ മറനീക്കി പുറത്തുവന്നതായി എസ് ഡിപിഐ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ഷാജു പഴകുളം. സ്ഥിരമായി ബിജെപിക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്ന പഴകുളത്ത് ഇത്തവണ സ്ഥാനാര്‍ഥിയില്ലാത്തത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ തവണ ബിജെപി വിജയിച്ച അഞ്ചാം വാര്‍ഡില്‍ സിപിഎം വോട്ട് ബിജെപിക്കും പകരം പഴകുളം വാര്‍ഡില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിനുമാണ് എന്നതാണ് ധാരണയെന്ന് ഷാജു ആരോപിച്ചു.

രാജ്യത്ത് വര്‍ഗീയകലാപങ്ങള്‍ നടത്തിയും ഉന്‍മൂലന നിയമങ്ങള്‍ നടപ്പാക്കിയും ജനങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഫാഷിസ്റ്റുകളുമായുള്ള സിപിഎമ്മിന്റെ കൂട്ടുകെട്ട് പഴകുളത്തെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വര്‍ഷങ്ങളായി ജയിക്കാത്ത വാര്‍ഡില്‍ രാഷ്ട്രീയനേട്ടത്തിനായി സിപിഎം വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനസേവനം ചെയ്ത് വോട്ടുപിടിക്കുന്നതിനു പകരം പ്രദേശങ്ങള്‍ക്കനുസരിച്ച് വര്‍ഗീയത പറഞ്ഞും വ്യാജപ്രചാരണങ്ങള്‍ നടത്തിയും വ്യാജവാഗ്ദാനങ്ങള്‍ കൊടുത്തും വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ അവജ്ഞയോടെയാണ് കാണുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന പിണറായി സര്‍ക്കാരിന് ശക്തിപകരാന്‍ വോട്ടുചോദിക്കുന്നത് ആര്‍എസ്എസ്സിനെയും ബിജെപിയെയും കൂട്ടുപിടിച്ചിട്ടാവുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: