പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഐ പ്രക്ഷോഭത്തിലേക്ക്

ഡിസംബര്‍ 19ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

Update: 2019-12-11 13:03 GMT

തിരുവനന്തപുരം: പൗരത്വാവകാശ ഭേദഗതി ബില്‍ മതേതര ജനാധിപത്യ ഭരണഘടനയുടെ നഗ്നമായ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ ഇതാദ്യമായാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കാന്‍ അവകാശം നല്‍കുന്നത്.

പൗരത്വം നല്‍കുന്നതില്‍ മതപരമായ വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ 14-ാം അനുഛേദം നല്‍കുന്ന തുല്യതാവകാശത്തിന്റെ ലംഘനമാണ്. ഹിന്ദുത്വ അജണ്ടയില്‍ നിന്നുകൊണ്ടാണ് ഇങ്ങനെയൊരു ബില്‍ രൂപംകൊള്ളുന്നത്. ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടും ആസാം സംസ്ഥാനം ദിവസങ്ങളായി നിശ്ചലമായിട്ടും അതൊന്നും വകവെയ്ക്കാന്‍ ബിജെപി ഭരണകൂടം തയ്യാറായിട്ടില്ല.

പൗരത്വ ബില്ലിനെതിരെ ശക്തമായ ബഹുജന പ്രതിരോധം തീര്‍ക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസംബര്‍ 19ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ജനുവരി മൂന്ന് സ്ത്രീ സുരക്ഷാ ശാക്തീകരണ ദിനമായി ആചരിക്കും.

തൊഴിലാളികള്‍ ജനുവരി എട്ടിന് നടത്തുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ജനുവരി ആറിന് വൈകിട്ട് പ്രാദേശിക തലത്തില്‍ പ്രകടനങ്ങള്‍ നടത്താനും എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

Tags:    

Similar News