കൊവിഡ്: വാക്‌സിന്‍ ഉല്‍പ്പാദകരായ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന്; ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോടും കേസിലെ എതിര്‍കക്ഷിയായ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോടും ഇതു സംബന്ധിച്ചു മൂന്നു ദിവസത്തിനകം വിശദീകരണം ബോധിപ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

Update: 2021-05-11 16:17 GMT

കൊച്ചി: കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിന്‍ ഉല്‍പ്പാദകരായ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികള്‍ക്ക് സമയബന്ധിതമായി ലൈസന്‍സ് നല്‍കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോടും കേസിലെ എതിര്‍കക്ഷിയായ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോടും ഇതു സംബന്ധിച്ചു മൂന്നു ദിവസത്തിനകം വിശദീകരണം ബോധിപ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

കണ്ണുര്‍ സ്വദേശിയായ അഭിഭാഷകന്‍ ജി കെ ഗോപകുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഉല്‍പ്പാദക കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലൂടെ വാക്സിന്‍ ക്ഷാമത്തിനു ഒരു പരിധിവരെ പരിഹാരമാവുമെന്നു ഹരജിക്കാരന്‍ കോടതിയില്‍ അറിയിച്ചു. വാക്സിന്‍ നിര്‍മാണത്തിന് സൗകര്യങ്ങളുള്ള ഉല്‍പാദകര്‍ക്ക് നിര്‍മാണത്തിന് സമയബന്ധിത ലൈസന്‍സ് നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഇത്തരത്തിലുള്ള ഉല്‍പ്പാദക കമ്പനികളുടെ ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കുന്നിതിനു നടപടി സ്വീകരിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News