കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസര്‍ക്കാര്‍ അയക്കും. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് നിലവില്‍ രാജ്യത്തിലെ കൊവിഡ് ചികില്‍സയിലുള്ള രോഗികളില്‍ 70 ശതമാനം പേരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിലെ പ്രതിരോധ നടപടികളുണ്ടായ വീഴ്ചകള്‍ കേന്ദ്രസംഘം പരിശോധിക്കും.

Update: 2021-02-02 06:34 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുക. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസര്‍ക്കാര്‍ അയക്കും. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് നിലവില്‍ രാജ്യത്തിലെ കൊവിഡ് ചികില്‍സയിലുള്ള രോഗികളില്‍ 70 ശതമാനം പേരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിലെ പ്രതിരോധ നടപടികളുണ്ടായ വീഴ്ചകള്‍ കേന്ദ്രസംഘം പരിശോധിക്കും.

സംഘത്തില്‍ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരെ കൂടാതെ ഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജിലെ വിദഗ്ധരുമുണ്ടാവും. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വര്‍ധനവുണ്ടാവുകയാണ്. ഇടയ്ക്ക് രോഗികളുടെ എണ്ണം ആറായിരത്തിന് മുകളിലുമെത്തി. അതേസമയം, തിങ്കളാഴ്ച 3,459 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍കോട് 41 എന്നിങ്ങെനയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. യുകെയില്‍നിന്നും വന്ന ആര്‍ക്കുംതന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

അടുത്തിടെ യുകെയില്‍നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരേയും പിഴ ഈടാക്കുന്ന നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയാണ് പുതിയ നിയന്ത്രണങ്ങള്‍. ആവശ്യമെങ്കില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതോടെ കൊവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണമായതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

Tags: