കൊവിഡ് പ്രതിരോധം: കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ക്ക് മുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിയമനം

കോ- ഓഡിനേഷന്‍ ചുമതലയുള്ള ജില്ലാ ഭരണാധികാരി കാസര്‍ഗോഡ് നഗരത്തിലെ വാഹനങ്ങള്‍ പിന്തുടര്‍ന്ന് പരിശോധിക്കുക, കടകള്‍ പരിശോധിക്കുക തുടങ്ങി അദ്ദേഹം നിര്‍ദേശം നല്‍കി ചെയ്യിക്കേണ്ട കാര്യങ്ങള്‍ സ്വയമേറ്റെടുക്കുന്ന സ്ഥിതിയുണ്ടായി.

Update: 2020-03-29 19:06 GMT

കാസര്‍ഗോഡ്: കൊവിഡ്- 19 സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആശങ്കയുയര്‍ത്തുന്ന കാസര്‍ഗോഡ് ജില്ലയില്‍ കലക്ടര്‍ക്ക് മുകളില്‍ മുതിര്‍ന്ന ഐഎഎസ് ഓഫിസറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മയ്ക്കാണ് ജില്ലയുടെ ചുമതല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊറോണയില്‍ കേന്ദ്രീകരിച്ച സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപനം സാധ്യമാക്കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയമാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. കോ- ഓഡിനേഷന്‍ ചുമതലയുള്ള ജില്ലാ ഭരണാധികാരി കാസര്‍ഗോഡ് നഗരത്തിലെ വാഹനങ്ങള്‍ പിന്തുടര്‍ന്ന് പരിശോധിക്കുക, കടകള്‍ പരിശോധിക്കുക തുടങ്ങി അദ്ദേഹം നിര്‍ദേശം നല്‍കി ചെയ്യിക്കേണ്ട കാര്യങ്ങള്‍ സ്വയമേറ്റെടുക്കുന്ന സ്ഥിതിയുണ്ടായി.

അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന ജില്ലയില്‍ എഡിഎമ്മിന്റെ മേല്‍നോട്ടത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോവാനുമായില്ല. ജനങ്ങളില്‍ വിദ്വേഷവും പ്രകോപനവുമുണ്ടാക്കുന്ന ശൈലിയാണ് ജില്ലാ ഭരണാധികാരി തുടര്‍ന്നത്. പ്രതിരോധനിര്‍ദേശങ്ങള്‍ ലംഘിച്ച പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അദ്ദേഹം ഏറ്റുപറഞ്ഞപ്പോള്‍ ആ രണ്ടു പേര്‍ ഇനി ഗള്‍ഫ് കാണില്ലെന്നായി. സന്നദ്ധപ്രവര്‍ത്തനം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ അറസ്റ്റുചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സ്വയം പൊലിപ്പിച്ചു.

സ്രവ സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള കിറ്റുകള്‍ ആവശ്യത്തിനില്ലെന്ന വിവരം ആരോഗ്യവകുപ്പ് അധികൃതരുടെ യോഗത്തില്‍ ഉയരും മുമ്പെ അറിയാന്‍ കോ- ഓഡിനേഷന്‍ അഭാവം കാരണം സാധിച്ചില്ല. ഇതെത്തുടര്‍ന്ന് രണ്ടുദിവസം സാമ്പിള്‍ ശേഖരണം മുടങ്ങിയത് പുന:സ്ഥാപിച്ചെങ്കിലും ദിവസവും പരിശോധനയ്ക്ക് അയക്കുന്ന സാമ്പിളുകളുടെ എണ്ണത്തില്‍ ഇപ്പോഴും കുറവുണ്ടാവുന്നു. മദ്യം, മയക്ക് മരുന്ന് കടത്ത് കണ്ടെത്താനും തടയാനും ദക്ഷിണ കന്നട, കാസര്‍ഗോഡ് ജില്ലാ ഭരണകൂടങ്ങളും ഇരുജില്ലാ പോലിസും തമ്മില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ദക്ഷിണ കന്നട ജില്ല സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോവുമെന്ന സൂചന ലഭിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുംമുമ്പെ സര്‍ക്കാരിന് അതുസംബന്ധിച്ച് വിവരം നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടു.

വിദേശരാജ്യങ്ങളില്‍നിന്ന് മാര്‍ച്ചില്‍ നാലായിരത്തോളം പേര്‍ മംഗളൂരു, കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍വഴി ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന വിവരം ഈമാസം 23ന് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം നടന്നതിനെ ത്തുടര്‍ന്നാണ് സര്‍ക്കാരിന് ലഭിക്കുന്നത്. കുടുതല്‍ പോലിസ് സേനയെ അയക്കാനും നിരോധനാജ്ഞ, ലോക്ക് ഡൗണ്‍ എന്നിവ ജില്ലയില്‍ മാത്രം പ്രഖ്യാപിക്കാനുമുള്ള നടപടി തുടര്‍ന്നാണുണ്ടായത്. കൊറോണ സാമൂഹികവ്യാപന അപകടമുനമ്പില്‍ ജില്ല എത്താനിടയാക്കിയ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചകള്‍ക്ക് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. കൊറോണ ദുരന്തനിവാരണ പദ്ധതികള്‍ ഇനി അല്‍കേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കും. ജില്ലയില്‍ 82 കൊവിഡ്-19 ബാധിതരാണുള്ളത്. പലരുടെയും പേരുവിവരങ്ങള്‍ കഴിഞ്ഞദിവസം ചോര്‍ന്നിരുന്നു. ആശുപത്രികളില്‍ 127 പേരും വീടുകളില്‍ 6,384 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 

Tags:    

Similar News