ക്വാറന്റൈന്‍ ലംഘനം: എറണാകുളത്ത് 13 പേര്‍ക്കെതിരെ കേസ്

ജില്ലാ മൊബൈല്‍ കൊവിഡ് പരിശോധനാ സംഘം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി ക്വാറന്റൈന്‍ ലംഘനം നടത്തിയതിനാണ് വരാപ്പുഴയില്‍ പതിനൊന്ന് പേര്‍ക്കെതിരെയും, കുന്നത്തുനാട് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തത്.

Update: 2021-05-31 05:01 GMT

കൊച്ചി: ക്വാറന്റൈന്‍ ലംഘനവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ ജില്ലയില്‍ 13 പേര്‍ക്കെതിരെ കേസ്. ജില്ലാ മൊബൈല്‍ കൊവിഡ് പരിശോധനാ സംഘം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി ക്വാറന്റൈന്‍ ലംഘനം നടത്തിയതിന് വരാപ്പുഴയില്‍ പതിനൊന്ന് പേര്‍ക്കെതിരെയും, കുന്നത്തുനാട് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തു.

കടമക്കുടി വില്ലേജ് പിഴല,കോതാട് സ്വദേശികളായ ആന്റണി സന്തോഷ്, രാജു ഒളാപ്പറമ്പില്‍, നൈഷന്‍ ജോസഫ് താന്നിപ്പിള്ളി, സെല്‍ജന്‍ സാമുവല്‍, റീജ ക്രിസ്റ്റി, ജോസഫ് ക്രിസ്റ്റി ഒന്നംപുരക്കല്‍, മിനി സാജു കൊടുവേലിപ്പറമ്പ്, ജിജി ചീവേലി, ഡേവിഡ് ജോസഫ് പനക്കല്‍, എയ്ബന്‍ സിമേന്തി തത്തംപിള്ളി, ഗ്രേസി ജോസഫ് തത്തംകേരി എന്നിവര്‍ക്കെതിരെയാണ് വരാപ്പുഴയില്‍ പോലിസ് കേസെടുത്തത്. ഇവര്‍ ക്വാറന്റെന്‍ ലംഘിച്ച് സ്വകാര്യ ലാബുകളില്‍ തുടര്‍പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. പിഴല പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിയില്‍ ആണ് വരാപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി വരുന്നതായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.

ക്വാറന്റൈന്‍ ലംഘനത്തിന് കുന്നത്തു നാട് സ്റ്റേഷനില്‍ നെല്ലാട് സ്വദേശി രഘുനാഥന്‍, ഐരാപുരം സ്വദേശി രാമചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പോസറ്റിയാവശേഷം ഇവര്‍ പെരുമ്പാവൂരിലെ ഒരു ലാബില്‍ നിന്ന് സംഘടിപ്പിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കറങ്ങി നടക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മഴുവന്നൂര്‍ പിഎച്ച്‌സി യിലെ ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് കേസ്. സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തുന്ന ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു. ലോക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ ജില്ലയില്‍ ഇന്നലെ മാത്രം 252 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 67 പേരെ അറസ്റ്റ് ചെയ്തു. 525 വാഹനങ്ങള്‍ കണ്ടു കെട്ടി. സാമൂഹ്യ അകലം പാലിക്കാത്തതിന് 1287 പേര്‍ക്കെതിരെയും മാസ്‌ക്ക് ധരിക്കാത്തതിന് 915 പേര്‍ക്കെതിരെയും പോലിസ് നടപടിയെടുത്തു.

Tags:    

Similar News