കൊവിഡ്: യുകെയില്‍ കുടുങ്ങിയ മക്കളെ തിരിച്ചെത്തിക്കണമെന്ന് മാതാപിതാക്കള്‍;കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

രണ്ട് മക്കളും ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുകയാണെന്നും എത്രയും വേഗം തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍ ഊരകം സ്വദേശി സുരേഷ് സുബ്രഹ്മണ്യനും ഭാര്യ ഹസീനയും സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്‍ കേന്ദ്രത്തോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു

Update: 2020-06-02 15:00 GMT

കൊച്ചി: കൊവിഡിനെതുടര്‍ന്ന് യുകെയില്‍ കുടുങ്ങിയ മക്കളെ തിരിച്ചു നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. രണ്ട് മക്കളും ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുകയാണെന്നും എത്രയും വേഗം തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍ ഊരകം സ്വദേശി സുരേഷ് സുബ്രഹ്മണ്യനും ഭാര്യ ഹസീനയും സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്‍ കേന്ദ്രത്തോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ലണ്ടനില്‍ നിന്ന് 172 കിലോമീറ്റര്‍ അകലെ ബോണ്‍മത് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിയായ മൂത്ത മകന്‍ ഭഗത് പത്തു നിലകളുള്ള സര്‍വകലാശാല ഹോസ്റ്റലില്‍ ഒറ്റപ്പെട്ട നിലയിലാണ് കഴിയുന്നതെന്ന് ഹരജിയില്‍ പറയുന്നു. കൊവിഡ് ഭീതിയെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികളെല്ലാം നാട്ടിലേക്ക് മടങ്ങി. ഇളയ മകന്‍ ദ്രുപദ് സുബ്രഹ്മണ്യന്‍ യുകെയില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ലോക്ക് ഡൗണ്‍ കഴിയുന്നതോടെ താമസ സ്ഥലത്ത് നിന്ന് ഒഴിഞ്ഞു കൊടുക്കാന്‍ പേയിംഗ് ഗസ്റ്റായി കഴിയുന്ന ദ്രുപതിനോട് വീട്ടുടമ പറഞ്ഞിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ സഹായം തേടി ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു ഹരജിയില്‍ പറയുന്നു. ഹരജി ജൂണ്‍ എട്ടിനു വീണ്ടും പരിഗണിക്കും. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യന്‍ ഹൈക്കമ്മീഷണറുമാണ് കേസിലെ എതിര്‍കക്ഷികള്‍. 

Tags: