കൊവിഡ്: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണരംഗത്തേക്ക്

ആദ്യഘട്ടത്തില്‍ പാഴ്‌സല്‍ ബുക്കിങ്ങും വിതരണവുമായിരിക്കും. തുടര്‍ന്ന് ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിനും റെസ്റ്റോറന്റുകളിലെ ടേബിള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനും കാര്‍ഷിക വകുപ്പിന്റെ വിഷരഹിത പച്ചക്കറി പദ്ധതിയായ ജീവനിയുമായി സഹകരിച്ച് പച്ചക്കറികള്‍ നേരിട്ട് ഹോട്ടലുകളില്‍ എത്തിക്കുന്നതിനും പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Update: 2020-09-16 05:03 GMT

കൊച്ചി : കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാന്ദ്യത്തിലായ ഹോട്ടല്‍ വ്യാപാര മേഖലക്ക് ഉത്തേജനം പകരം ലക്ഷ്യമിട്ട് ഹോട്ടല്‍ ആന്റ്് റെസ്റ്റോറന്റ് അസോസിയേഷന്‍ ഓണ്‍ലൈന്‍ ഭക്ഷണ പ്ലാറ്റ് ഫോം ആരംഭിക്കുന്നു. നിലവില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തുള്ള കുത്തക കമ്പനികള്‍ ഹോട്ടലുടമകളില്‍ നിന്നും 20 മുതല്‍ 30 ശതമാനം വരെ കമ്മീഷന്‍ ഈടാക്കുകയും ഉപഭോക്താക്കളില്‍ നിന്നും അന്യമായ ഡെലിവറി ചാര്‍ജ്ജും ഈടാക്കുകയാണ്. വ്യാപാരമാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഹോട്ടലുടമകള്‍ക്ക് ഇത്രയും കൂടിയ തുക കമ്മീഷന്‍ നല്‍കി വ്യാപാരം നടത്താന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ലാഭേച്ഛയില്ലാതെ സ്വന്തമായി ഓണ്‍ലൈന്‍ ആപ്പ് സംവിധാനം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ പാഴ്‌സല്‍ ബുക്കിങ്ങും വിതരണവുമായിരിക്കും. തുടര്‍ന്ന് ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിനും റെസ്റ്റോറന്റുകളിലെ ടേബിള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനും കാര്‍ഷിക വകുപ്പിന്റെ വിഷരഹിത പച്ചക്കറി പദ്ധതിയായ ജീവനിയുമായി സഹകരിച്ച് പച്ചക്കറികള്‍ നേരിട്ട് ഹോട്ടലുകളില്‍ എത്തിക്കുന്നതിനും പദ്ധതിയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനെകുറിച്ച് തയ്യാറാക്കിയ ഡോക്യൂമെന്ററിയുടെ പ്രകാശനം ഓണ്‍ലൈനായി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.

ഓണ്‍ലൈന്‍ ആപ്പിന് അനുയോജ്യമായ പേര് നിര്‍ദേശിക്കുന്നതിന് പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. ഈ മാസം 22 വരെ വെബ്‌സൈറ്റില്‍ (http ;// name. khra.in ) ലഭിക്കുന്ന പേരുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പേര് നിര്‍ദേശിച്ച വ്യക്തിക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനവും കോവളത്ത് രണ്ടുദിവസത്തെ സൗജന്യ താമസവും നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജയപാല്‍ , വര്‍ക്കിങ് പ്രസിഡന്റ് ജി കെ പ്രകാശ്, അസീസ് മൂസ , സി ഇ ഓ മുഹമ്മദ് മുസ്തഫ പങ്കെടുത്തു. 

Tags:    

Similar News