കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ; സര്‍ക്കാരിന് നോട്ടീസ് അയച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.ഇത് സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു.ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

Update: 2021-04-21 12:13 GMT

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ സെന്ററുകളിലെത്തി കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ക്ക് അവരുടെ വീട്ടിലെത്തി വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മീഷന്‍.മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

ഇത് സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു.ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കിടപ്പുരോഗികള്‍, അംഗപരിമിതര്‍, സാന്ത്വന ചികില്‍സാ രോഗികള്‍ എന്നിവര്‍ക്ക് അവരവരുടെ വീട്ടിലെത്തി വാക്‌സിന്‍ നല്‍കണമെന്നാണ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് വാക്‌സിനേഷന്‍ സെന്ററുകളിലെത്തി വാക്‌സിനെടുക്കാന്‍ അനാരോഗ്യം കാരണം കഴിയില്ലെന്ന് പരാതിയില്‍ പറയുന്നു. കേസ് മേയ് 28 ന് പരിഗണിക്കും.

Tags: