കൊവിഡ് ആശുപത്രികളിലെ ഓക്‌സിജന്‍ ഉപഭോഗവും സുരക്ഷയും;വിലയിരുത്തലിന് ദ്രുത സുരക്ഷാ ഓഡിറ്റ് സംഘം

കൊവിഡ് ആശുപത്രികളിലെ അനാവശ്യമായ ഓക്‌സിജന്റെ ഉപഭോഗം, ഓക്‌സിജന്‍ ലീക്ക്, തീപ്പിടിത്തം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ സംഘത്തിന്റെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടത്തും.സംഘവുമായി ബന്ധപ്പെടുന്നതിന് 8547610045 നമ്പറില്‍ ബന്ധപ്പെടാം.

Update: 2021-05-17 11:18 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കൊവിഡ് ആശുപത്രികളിലെ (സര്‍ക്കാര്‍, സ്വകാര്യ, ഇഎസ്‌ഐ, ഡിസിസികള്‍ ഉള്‍പ്പടെ) ഓക്‌സിജന്റെ ഫലപ്രദമായ ഉപയോഗവും ആശുപത്രികളിലെ സുരക്ഷാ സൗകര്യങ്ങളും വിലയിരുത്തുന്നതിന് ദ്രുത സുരക്ഷാ ഓഡിറ്റ് സംഘം രൂപീകരിച്ചു.ജില്ലയില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ശേഖരം ഇപ്പോഴുണ്ട്.കൊവിഡ് ആശുപത്രികളിലെ അനാവശ്യമായ ഓക്‌സിജന്റെ ഉപഭോഗം, ഓക്‌സിജന്‍ ലീക്ക്, തീപ്പിടിത്തം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ സംഘത്തിന്റെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടത്തും.

ഡെപ്യൂട്ടി കലക്ടര്‍ ജെ മോബിയാണ് ടീം ലീഡര്‍. ഫയര്‍ ഓഫീസര്‍ അഭിലാഷ്, പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി ഐ നസീം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ റാണി ജോസഫ്, ബയോമെഡിക്കല്‍ എന്‍ജിനീയര്‍ ജ്യോതിഷ്, ഓരോ ആശുപത്രിയുടെയും പ്രതിനിധി എന്നിവരടങ്ങുന്നതാണ് ഓഡിറ്റ് സംഘം. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ സംഘത്തിനോട് ആവശ്യപ്പെട്ടു.

ദീര്‍ഘകാല അടിസ്ഥാനത്തിലും അല്ലാതെയും കൊവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാന്‍ പ്രത്യേക അടിയന്തിര ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിന് ചുമതല നല്‍കിയത്. സംഘവുമായി ബന്ധപ്പെടുന്നതിന് 8547610045 നമ്പറില്‍ ബന്ധപ്പെടാം.

Tags:    

Similar News