കൊവിഡ്: എറണാകുളം കലക്ടറേറ്റില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ; പ്രവേശനം ജീവനക്കാര്‍ക്ക് മാത്രം

വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ജീവനക്കാര്‍ക്ക് മാത്രമായിരിക്കും കലക്ടറേറ്റിനകത്ത് പ്രവേശനം നല്‍കുക. അത്യാവശ്യ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഉപാധികളോടെ പ്രത്യേക അനുമതി വാങ്ങി അകത്തേക്ക് പ്രവേശിക്കാം. പൊതുജനങ്ങള്‍ കഴിവതും ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു.

Update: 2021-04-15 09:17 GMT

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍ വെള്ളിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ജീവനക്കാര്‍ക്ക് മാത്രമായിരിക്കും കലക്ടറേറ്റിനകത്ത് പ്രവേശനം നല്‍കുക. അത്യാവശ്യ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഉപാധികളോടെ പ്രത്യേക അനുമതി വാങ്ങി അകത്തേക്ക് പ്രവേശിക്കാം. പൊതുജനങ്ങള്‍ കഴിവതും ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു.

വകുപ്പുകളിലേക്കുള്ള പരാതികളും സന്ദേശങ്ങളും സ്വീകരിക്കുന്നതിനായി പ്രധാന കവാടത്തില്‍ ബോക്‌സുകള്‍ സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക് ഈ ബോക്‌സുകളില്‍ സന്ദേശങ്ങള്‍ പേപ്പറുകളില്‍ എഴുതി നിക്ഷേപിക്കാം. ഓഫീസുകളില്‍ നേരിട്ട് കയറാന്‍ ആരെയും അനുവദിക്കില്ല. ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കണമെങ്കില്‍ സെക്യൂരിറ്റിയെ നേരത്തെ അറിയിക്കണം. ഇവരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് ഉദ്യോഗസ്ഥനെ എത്തിക്കും.

കലക്ടറേറ്റിന്റെ പ്രധാന കവാടത്തിലൂടെ മാത്രമായിരിക്കും പ്രവേശനം നല്‍കുക. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ജീവനക്കാര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കില്ല. ശരീര ഊഷ്മാവ് പരിശോധിച്ചതിനു ശേഷമായിരിക്കും പ്രവേശനം നല്‍കുക. പ്രധാന മീറ്റിംഗുകളില്‍ പങ്കെടുക്കാനെത്തുന്ന കലക്ടറേറ്റിനു പുറത്തുള്ള ഉദ്യോഗസ്ഥര്‍ അത് തെളിയിക്കുന്നതിനുള്ള രേഖ കൈവശം സൂക്ഷിക്കണം. ഇത് കാണിച്ച് വേണം പ്രവേശിക്കാന്‍. കലക്ടറേറ്റിനകത്തും കോംപൗണ്ടിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നതും വിലക്കി.

Tags:    

Similar News