കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ എറണാകുളത്ത് കൊറോണ ഫ്‌ളയിംങ് സ്‌ക്വാഡുകള്‍

താലൂക്ക് തലത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുമായിരിക്കും സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലും വില്ലേജ് ,തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ എല്‍ എസ് ജി സെക്രട്ടറിമാരുടെ നേതൃത്വത്തിലും ആയിരിക്കും സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്

Update: 2020-09-30 13:38 GMT

കൊച്ചി : എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി കൊറോണ ഫ്‌ളയിംങ് സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. താലൂക്ക് തലത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുമായിരിക്കും സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലും വില്ലേജ് ,തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ എല്‍ എസ് ജി സെക്രട്ടറിമാരുടെ നേതൃത്വത്തിലും ആയിരിക്കും സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്.

താലൂക്ക് തലത്തിലെ സ്‌ക്വാഡില്‍ എല്‍ ആര്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്, പോലിസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങള്‍ ആയിരിക്കും. തദ്ദേശ തലത്തില്‍ സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥര്‍, പോലിസ് ഓഫിസര്‍ എന്നിവര്‍ ആയിരിക്കും അംഗങ്ങള്‍.താലൂക്ക് ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ ടീമുകളുടെ പ്രവര്‍ത്തനം ദിവസേന വിലയിരുത്തുകയും എല്ലാ ആഴ്ചയിലും പ്രവര്‍ത്തന റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കും.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരെയും മാത്രമേ അനുവദിക്കൂ. കച്ചവട സ്ഥാപനങ്ങള്‍ക്ക് പുറത്തു സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ ആളുകളെ അനുവദിക്കൂ. പരമാവധി ആളുകളുടെ എണ്ണം സ്ഥാപനങ്ങള്‍ക്ക് പുറത്തു പ്രദര്‍ശിപ്പിക്കണം. സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സ്ഥാപനഉടമ ക്രമീകരിക്കണം.പൊതുസ്ഥലങ്ങളിലും പൊതു വാഹനയാത്രയിലും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. താമസസ്ഥലം ഒരുക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ താമസസ്ഥലങ്ങളില്‍ പോസിറ്റീവ് ആകുന്നവര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും നിരീക്ഷണ സൗകര്യം ഒരുക്കണമെന്നും നിര്‍ദേശിച്ചു.

Tags:    

Similar News