കൊവിഡ്: എണ്ണം വര്‍ധിക്കുന്നു; ജാഗ്രത അനിവാര്യമെന്ന് ആരോഗ്യവകുപ്പ്

എറണാകുളം ജില്ലയില്‍ കഴിഞ്ഞ ആഴ്ചയിലെ ശരാശരി കണക്കുകള്‍ പ്രകാരം ദിവസത്തില്‍75പേര്‍ക്ക് എന്ന തോതിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.2300നും2400നും ഇടയില്‍ പരിശോധനകള്‍ ദിവസവും നടത്തി വരുന്നുണ്ട്.കൊവിഡ് രോഗബാധ പ്രായമായവരുടെ ആരോഗ്യത്തെ സങ്കീര്‍ണ്ണമാക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ (കരുതല്‍) ഡോസ് ഇനിയും എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്

Update: 2022-04-28 07:05 GMT

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയതായി ആരോഗ്യവകുപ്പ്.വ്യാവസായിക തലസ്ഥാനമായ എറണാകുളം ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.എറണാകുളം ജില്ലയില്‍ കഴിഞ്ഞ ആഴ്ചയിലെ ശരാശരി കണക്കുകള്‍ പ്രകാരം ദിവസത്തില്‍75പേര്‍ക്ക് എന്ന തോതിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2300നും2400നും ഇടയില്‍ പരിശോധനകള്‍ ദിവസവും നടത്തി വരുന്നുണ്ട്.മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ ഇടയ്ക്കിടക്ക് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം. പ്രായമായവരും,ഗുരുതര രോഗങ്ങളുള്ളവരിലും റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തമാക്കണം.അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും.കൊവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച പാടില്ലായെന്നും ജില്ലാ മെഡിക്കല്‍ഓഫീസര്‍ അറിയിച്ചു. കൊവിഡ് രോഗബാധ പ്രായമായവരുടെ ആരോഗ്യത്തെ സങ്കീര്‍ണ്ണമാക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ (കരുതല്‍) ഡോസ് ഇനിയും എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്.

മരണനിരക്കും,രോഗാതുരതയും കുറയ്ക്കുന്നതില്‍ കോവിഡ് വാക്‌സിനേഷന്‍ വളരെയധികം സഹായിക്കുമെന്നതിനാല്‍ കരുതല്‍ ഡോസ് ഉള്‍പ്പടെ വാക്‌സിനേഷന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകേണ്ടതാണ്.ജില്ലയില്‍ ഇതുവരെ18വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍98%പേര്‍ക്കും(6117321ഡോസ്) വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.എന്നാല്‍15മുതല്‍17വരെ പ്രായപരിധിയിലുള്ളവരില്‍ 79 %പേര്‍ ഒന്നാം ഡോസും53%പേര്‍ രണ്ടാം ഡോസും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍12മുതല്‍14വരെ പ്രായപരിധിയിലുള്ളവരില്‍11% പേര്‍ ഒന്നാം ഡോസും 0.11 %പേര്‍ മാത്രമാണ് രണ്ടാം ഡോസും സ്വീകരിച്ചിട്ടുള്ളത്. രോഗംപടര്‍ന്നു പിടിക്കുന്നതിനെ ഏതു വിധേനയും തടയുന്നതിനായി അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഏറ്റവും ഫലപ്രദമായ പ്രതിരോധമാര്‍ഗ്ഗമായ വാക്‌സിനേഷന്‍ കുട്ടികള്‍ക്ക് നല്‍കി അവരെ സുരക്ഷിതരാക്കണമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍അറിയിച്ചു.വിദ്യാഭ്യാസവകുപ്പുമുമായി സഹകരിച്ചുകൊണ്ട് എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: