കൊവിഡ് പ്രതിരോധം: മുന്‍കൂര്‍ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഫണ്ട് നല്‍കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാന്‍ ഫണ്ട് നല്‍കി. മൂന്നാം ഗഡു അടുത്തയാഴ്ച നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Update: 2020-07-15 13:00 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്‍കൂര്‍ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീണ്ടും ഫണ്ട് നല്‍കും. ക്വാറന്റീന്‍, റിവേഴ്‌സ് ക്വാറന്റീന്‍, ആശുപത്രികള്‍ക്കുള്ള അധികസഹായം, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കുള്ള സഹായം, കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിപ്പ് എന്നിവയ്ക്ക് ഡിപിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ചെലവാക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാന്‍ ഫണ്ട് നല്‍കി. മൂന്നാം ഗഡു അടുത്തയാഴ്ച നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ട്രഷറിയിലുണ്ടാകും. ഇത്തരം പ്രോജക്ടുകള്‍ പിന്നീട് സാധൂകരിച്ചാല്‍ മതി. ഈ പണത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദനീയമായ പ്രോജക്ടുകള്‍ക്കുള്ള തുക റീ ഇംപേഴ്‌സ്‌മെന്റ് ലഭിക്കും. ഇതിനായി തദ്ദേശസ്വയം ഭരണ സെക്രട്ടറിമാര്‍ വേണ്ട രേഖകള്‍ നല്‍കണം. ബാക്കിയുള്ള പണം പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി അധികമായി അനുവദിക്കും. ദുരിതാശ്വാസനിധിയില്‍ നിന്ന് ആവശ്യമായ പണം നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സിഎംഡിആര്‍എഫില്‍ നിന്ന് ഈ പണം ലഭ്യമാക്കുന്നതുമാണ്. കൊവിഡ് പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണപ്രതിസന്ധി പാടില്ല എന്ന് കരുതിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതനുസരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു

Tags: