കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് അഴിയൂര്‍ സ്വദേശിക്ക് -നിരീക്ഷണം പൂര്‍ത്തിയാക്കി 1309 പേര്‍

ഇന്ന് 19 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്്. ആകെ 644 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 620 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 597 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Update: 2020-04-17 14:31 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഴിയൂരില്‍ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ അടുത്ത സമ്പര്‍ക്കത്തിലുള്ള വ്യക്തിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 31 കാരനായ ഇദ്ദേഹവും അഴിയൂര്‍ സ്വദേശിയാണ്. ആദ്യം പോസിറ്റീവായ ആളുടെ കൂടെ അതേ കടയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്.

അഴിയൂരില്‍ ഏപ്രില്‍ 14 ന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു സാമ്പിള്‍ എടുക്കുകയും വടകര കൊറോണ കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ലക്ഷണങ്ങള്‍ ഒന്നുമില്ല. ആരോഗ്യ നില തൃപ്തികരമാണ്. പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചു.

ഇതോടെ ജില്ലയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ 9 പേര്‍ രോഗമുക്തരായി. 10 പേര്‍ ചികിത്സയിലുണ്ട്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച 4 ഇതര ജില്ലക്കാരില്‍ 2 കാസര്‍ഗോഡ് സ്വദേശികള്‍ രോഗമുക്തരായി. 2 കണ്ണൂര്‍ സ്വദേശികളും ചികിത്സയിലുണ്ട്.

1309 പേര്‍കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 11,173 ആയി. നിലവില്‍ 11,586 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇന്ന് പുതുതായി വന്ന 7 പേര്‍ ഉള്‍പ്പെടെ ആകെ 31 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 4 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 19 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്്. ആകെ 644 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 620 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 597 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. കഴിഞ്ഞ ദിവസം രണ്ട് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത എടച്ചേരി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത്‌വാര്‍ഡ് തല ജാഗ്രതാസമിതി യോഗം ചേരുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തു. 30 വീടിന് ഒരാള്‍ എന്ന നിലയില്‍ വളന്റിയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ഗൃഹസന്ദര്‍ശനവും ബോധവല്‍ക്കരണവും നടത്തുകയും ചെയ്തു. മൈക്ക് പ്രചാരണവും ലഘുലേഖ വിതരണവും നടത്തി.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 21 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 74 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. 3910 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9968 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. 

Tags:    

Similar News